തിരുവനന്തപുരം: പാലക്കാട് വാളയാറില് ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ് ആള്ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കല്പ്പറ്റ എംഎല്എ ടി സിദ്ദിഖ്. ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് ആള്ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും നടന്നപ്പോള് അതിനെതിരെ ഒറ്റയ്ക്കും കൂട്ടായും പ്രതിഷേധിച്ചവരാണ് മലയാളികളെന്നും അത് കേരളത്തിലും നടന്നുവെന്നത് ഭീതി ജനിപ്പിക്കുന്നുവെന്നും ടി സിദ്ദിഖ് പറഞ്ഞു.
ആള്ക്കൂട്ട ആക്രമണത്തിനും കൊലപാതകത്തിനും എതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുളള കേരളത്തിന്റെ മണ്ണ് എങ്ങനെ അതേ ആക്രമണത്തിന് പാകപ്പെട്ടു എന്ന് ഗൗരവമായി വിലയിരുത്തണമെന്നും അതിനെതിരെ സാമൂഹ്യ പ്രതിരോധം വാര്ത്തെടുക്കാനുളള ഉത്തരവാദിത്തം സര്ക്കാരിനുണ്ടെന്നും ടി സിദ്ദിഖ് മുഖ്യമന്ത്രിക്ക് അയച്ച കത്തില് പറയുന്നു. ഇത്ര ഹീനമായ കൊലപാതകം നടന്നിട്ടും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ശക്തമായ പ്രതികരണം ഉണ്ടായില്ലെന്നത് ഞെട്ടലും വേദനയും ഉണ്ടാക്കുന്നതാണെന്നും കേരളത്തെ വെറുപ്പിന്റെ പരീക്ഷണ ശാലയാക്കാന് അനുവദിക്കില്ലെന്ന രാഷ്ട്രീയ ഉത്തരവാദിത്തം നിറവേറ്റണമെന്നും സിദ്ദിഖ് കത്തില് പറയുന്നു.
രാം നാരായണിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്കാന് ധാരണയായെന്ന് വാര്ത്തകളിലൂടെ അറിഞ്ഞെന്നും ആ തുക അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസമടക്കം ആ കുടുംബത്തിന് മുന്നോട്ടുപോകാന് ആ തുക മതിയാകില്ലെന്നും മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ആള്ക്കൂട്ട കൊലപാതകത്തിന് കേരളം നല്കുന്ന തുക സംസ്ഥാനം ഇന്നുവരെ കാത്തുസൂക്ഷിച്ച മനുഷ്യത്വപരമായ നിലപാടിനെ സാധൂകരിക്കേണ്ടതുണ്ടെന്നും ടി സിദ്ദിഖ് കൂട്ടിച്ചേര്ത്തു.
ടി സിദ്ധിഖിന്റെ കത്തിന്റെ പൂര്ണരൂപം
ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ. Pinarayi Vijayan
പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട റാം നാരായൺ ബകേലിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ അടിയന്തരമായി കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. 10 ലക്ഷം നൽകാൻ ധാരണയായെന്ന് വാർത്തകളിൽ നിന്ന് അറിയാൻ കഴിഞ്ഞു. അത് തീർത്തും അപര്യാപ്തമാണ്. കുട്ടികളുടെ വിദ്യാഭ്യാസമടക്കം ആ കുടുംബത്തിന് മുന്നോട്ട് പോകാൻ ഈ തുക മതിയാവില്ല. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ആൾക്കൂട്ട കൊലപാതകത്തിന് കേരളം നൽകുന്ന തുക കേരളം ഇന്നുവരെ കാത്ത് സൂക്ഷിച്ച മനുഷ്യത്വപരമായ നിലപാടിനെ സാധൂകരിക്കേണ്ടതുണ്ട്.
അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ടതിന് കിലോ മീറ്ററുകൾക്കപ്പുറമാണ് റാം നാരായണനും കൊല്ലപ്പെട്ടിരിക്കുന്നത്. നിസഹയാരായ രണ്ട് മനുഷ്യർ. വ്യാജ ദേശഭക്തിക്കും കാടൻ നീതിക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് രാഷ്ട്രീയ ബാധ്യതയുണ്ടെന്ന് കൂടി ഓർപ്പിക്കുന്നു. കാരണം ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്നപ്പോൾ അതിനെതിരെ ഒറ്റയ്ക്കും കൂട്ടായും പ്രതിഷേധിച്ചവരാണ് മലയാളികൾ. .അത് കേരളത്തിലും നടന്നുവെന്നത് ഭീതി ജനിപ്പിക്കുന്നു. ആ മനുഷ്യൻ ആൾക്കൂട്ടാക്രമണത്തിന് വിധേയനായി ക്ഷീണിതനായി മരണത്തെ മുഖാമുഖം കണ്ടിരിക്കുമ്പോഴും എന്റെ ജീവൻ ബാക്കി തരണേയെന്ന് അഭ്യർത്ഥിച്ച് കൊണ്ടുള്ള നിസഹായതയോടെയുള്ള ചിരിയുണ്ട്. വേദന കലർന്ന ആ പുഞ്ചിരി മനസ്സിൽ നിന്നും മായുന്നില്ല. ഹൃദയ വേദനയോടെ വിതുമ്പി കരയുന്ന ആ ഭാര്യയും മക്കളും മനസാക്ഷിയുള്ളവരെ കണ്ണീരണിയിക്കും. ആ ഭയവും വേദനയും മനസ്സിനെ വല്ലാതെ മുറിപ്പിടുത്തുന്നത് കൊണ്ടാണ് അങ്ങേയ്ക്ക് ഈ കത്ത് എഴുതുന്നത്.
ആൾക്കൂട്ടാക്രമണത്തിനും കൊലപാതകത്തിനും എതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള കേരളത്തിന്റെ മണ്ണ് എങ്ങനെ അതേ ആക്രമണത്തിന് പാകപ്പെട്ടു എന്ന് ഗൗരവമായി വിലയിരുത്തണം. അതിനെതിരെ സാമൂഹ്യ പ്രതിരോധം വാർത്തെടുക്കണമെന്നത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം സർക്കാർ ഗൗരവമായി ആലോചിക്കണം. ഈ ആക്രമണത്തിന് നേതൃത്വം കൊടുത്തവർക്കും പങ്കാളികളായവർക്കും എതിരെ ശക്തമായ നടപടിയുണ്ടാകണം. കർണാടക സർക്കാർ വിദ്വേഷ പ്രസംഗവും കുറ്റകൃത്യങ്ങളും നടയുന്ന ബില്ല് പാസാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരം തെലുങ്കാന മുഖ്യമന്ത്രിയും ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ ശക്തമായ എതിർപ്പിനെ മറികടന്നാണ് രണ്ടിടത്തും കോൺഗ്രസ് സർക്കാരുകൾ ഈ നീക്കം നടത്തിയിരിക്കുന്നത്. എന്നിട്ടും കേരളമെന്തേ മടിക്കുന്നത്?
ഇനിയിത് ആവർത്തിക്കരുത്. അതിനുള്ള ജാഗ്രതയോടെയുള്ള ഇടപെടലും ശക്തമായ താക്കീതും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം. ഇത്ര ഹീനമായ കൊലപാതകം നടന്നിട്ടും അങ്ങേയുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണം ഉണ്ടായില്ല എന്നത് ഞെട്ടലും വേദനയും ഉണ്ടാക്കുന്നു. ഈ മൗനം അക്രമികൾക്ക് ആത്മവിശ്വാസം നൽകുമെന്ന് അങ്ങ് ചിന്തിക്കാതെ പോകുകയാണോ. അതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ കത്ത്. കേരളത്തെ വെറുപ്പിന്റെ പരീക്ഷണ ശാലയാക്കാൻ അനുവദിക്കില്ലെന്ന രാഷ്ട്രീയ ഉത്തരവാദിത്തം അങ്ങ് നിറവേറ്റുമെന്ന പ്രതീക്ഷയോടെ...
കേരളം കേരളമായി തന്നെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ജനപ്രതിനിധി എന്ന നിലയിൽ
ടി. സിദ്ദീഖ്
Content Highlights: T Siddique MLA letter to cm pinarayi vijayan on ram narayan mob lynching case