ആലപ്പുഴ: ശബരിമല സ്വര്ണക്കൊളളയില് യഥാര്ത്ഥ പ്രതികളെ കണ്ടെത്താന് ഇനിയും വൈകരുതെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതികള്ക്ക് രാഷ്ട്രീയ സംരക്ഷണമുണ്ടെന്നും രാഷ്ട്രീയ സംരക്ഷണം നല്കുന്നത് ആരാണ് എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു. അയ്യപ്പഭക്തരുടെ മനസിലെ മുറിവ് ഉണങ്ങിയിട്ടില്ലെന്നും ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റുമാര് ഉള്പ്പെടെ അറസ്റ്റിലായിട്ടും പാര്ട്ടി നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ട് എന്നത് ദുരൂഹമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
'ശബരിമല സ്വര്ണക്കൊളളയില് തൊണ്ടിമുതല് എന്തുകൊണ്ടാണ് കണ്ടെത്താത്തത്? തൊണ്ടിമുതല് എവിടെപ്പോയി? ജ്വല്ലറിയില് നിന്ന് കണ്ടെത്തി എന്ന് പറയുന്ന സ്വര്ണം ഇതുതന്നെയാണോ? ഇതിലൊന്നും വ്യക്തതയില്ല. അന്താരാഷ്ട്ര മാര്ക്കറ്റില് വലിയ വിലയുളളതാണ് സ്വര്ണം. ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റുമാര് അറസ്റ്റിലായിട്ടും പാര്ട്ടി നടപടി സ്വീകരിച്ചില്ല. എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്നത് ദുരൂഹമാണ്. പ്രതികളെ മാര്ക്സിസ്റ്റ് പാര്ട്ടി ഭയക്കുന്നു. അവരെ ഭയന്നാണ് നടപടി സ്വീകരിക്കാത്തത്', രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമല സ്വര്ണക്കൊളളയ്ക്ക് പിന്നില് പുരാവസ്തു മാഫിയ ഉണ്ടോ എന്ന് സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുരാവസ്തു മാഫിയയിലേക്ക് കൂടി അന്വേഷണം പോകേണ്ടതുണ്ടെന്നും കുറ്റവാളികളെ സംരക്ഷിക്കാന് ഭരണതലത്തില് സ്വാധീനമുണ്ടോ എന്നത് അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 'കോടതിയുടെ നിരീക്ഷണത്തിലുളള അന്വേഷണം നടക്കട്ടെ. അന്താരാഷ്ട്ര ബന്ധങ്ങള് ഉണ്ടെങ്കില് എസ്ഐടി പറയട്ടെ. എസ്ഐടിയുടെ അന്വേഷണത്തില് ഞങ്ങള്ക്ക് പരാതിയില്ല. എസ്ഐടിയെ അവിശ്വസിക്കേണ്ട കാര്യമില്ല. കുറേക്കൂടി വേഗതയില് കാര്യങ്ങള് കൊണ്ടുപോകണം എന്നതാണ് അഭിപ്രായം', രമേശ് ചെന്നിത്തല കൂട്ടിച്ചേര്ത്തു.
Content Highlights: Sabarimala gold theft accused have political protection; Ramesh Chennithala