കൊച്ചി: ബിജെപിയെ തൊട്ടുകൂടാനാവാത്ത പാർട്ടിയായി സഭ കണക്കാക്കിയിട്ടില്ലെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. എന്നാൽ ഉത്തരേന്ത്യയിൽ ക്രൈസ്തവ മിഷനറിമാർ അനുഭവിക്കുന്ന പീഢനങ്ങളിൽ സഭയ്ക്ക് ദുഃഖമുണ്ടെന്നും പാംപ്ലാനി വ്യക്തമാക്കി. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പാംപ്ലാനിയുടെ പ്രതികരണം. ക്രിസ്തുമതവുമായുള്ള സൗഹാർദ്ദമെന്നത് കേരളത്തിൽ മാത്രമെന്ന നിലയിൽ ബിജെപി ചിന്തിക്കുന്നതിൽ അർത്ഥമില്ലെന്നും പാംപ്ലാനി വ്യക്തമാക്കി. ദേശീയ തലത്തിൽ തന്നെ ഈ പ്രതിസന്ധികളെ കാണണം, അതിന് പരിഹാരം ഉണ്ടാകണം. അങ്ങനെയെങ്കിൽ മറ്റേത് രാഷ്ട്രീയ പ്രസ്ഥാനത്തോടും കാണിക്കുന്ന തുറന്ന മനസ്സ് ഇവിടുത്തെ ബിജെപിയോടും കാണിക്കുന്നതിൽ എതിർപ്പില്ല. എല്ലാവർക്കും തുല്യനീതിയെന്ന ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം ഉറപ്പ് വരുത്താൻ രാജ്യം ഭരിക്കുന്ന പാർട്ടി തയ്യാറായാൽ അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള സമീപനങ്ങൾ ക്രൈസ്തവ പക്ഷത്ത് നിന്നും ഉണ്ടാകുമെന്നും പാംപ്ലാനി വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ക്രിസ്ത്യൻ സ്ഥാനാർത്ഥികളെ ധാരളമായി മത്സരിപ്പിച്ചത് സംബന്ധിച്ച ചോദ്യത്തോടും പാംപ്ലാനി പ്രതികരിച്ചു. 'ബിജെപിയുടെ സ്ഥാനാർത്ഥികളിൽ അഭൂതപൂർവ്വമായി ക്രൈസ്തവരുടെ എണ്ണം കൂടിയത് ഞങ്ങളും ശ്രദ്ധിച്ചിരുന്നു. സഭ ആവശ്യപ്പെട്ടത് കൊണ്ട് ബിജെപി അങ്ങനെ ചെയ്തു എന്ന് വിചാരിക്കുന്നില്ല. ബിജെപിയുടെ മേൽ ഉള്ള ചില ലേബലുകൾ മാറ്റിയെടുക്കാൻ ആവർ ആഗ്രഹിക്കുന്നു. ബിജെപിയുടെ ഒരു രാഷ്ട്രീയ നീക്കത്തിൻ്റെ ഭാഗമായാണ് അവർ ഇങ്ങനെ ചെയ്യുന്നത്. ബിജെപി ക്രിസ്ത്യൻ സഖ്യം ആഗ്രഹിക്കുന്നുണ്ടെന്ന് അവരുടെ പല പ്രസ്താവനകളിൽ നിന്നും നിലപാടുകളിൽ നിന്നും മനസ്സിലാകുന്നുണ്ട്' എന്നായിരുന്നു പാംപ്ലാനി ചൂണ്ടിക്കാണിച്ചത്.
ഇന്ത്യയിൽ ക്രിസ്ത്യാനികൾ സുരക്ഷിതരല്ലായെന്ന പൊതുപ്രസ്താവനയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കിയ പാംപ്ലാനി പലസംഭവങ്ങളും ഇത്തരം സംശയങ്ങൾക്ക് ഇടവരുത്തുന്നു എന്നത് വസ്തുതയാണെന്നും ചൂണ്ടിക്കാണിച്ചു. വസ്തുതകൾ നമ്മൾ കണ്ടില്ലായെന്ന് നടിക്കുന്നതിൽ അർത്ഥമില്ല. ഇത് മതപരമായ വിവേചനമാണെങ്കിൽ വിവേചനമാണെന്ന് പറയാൻ ഞങ്ങൾ ആരെയും ഭയപ്പെടാറില്ല.
കോൺഗ്രസ് ഭരിച്ചപ്പോൾ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്ന് പറയാനാവില്ലെന്നും പാംപ്ലാനി ചൂണ്ടിക്കാണിച്ചു. 'മതപരിവർത്തന നിരോധന നിയമം പലതും സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരിക്കുന്ന കാലഘട്ടത്തിലാണ് നടപ്പിലാക്കിയിട്ടുള്ളത്. അത് ക്രൈസ്തവരെ ബുദ്ധിമുട്ടിക്കാനും പീഡിപ്പിക്കാനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നതും വസ്തുതയാണ്. എന്നാൽ ഇപ്പോൾ ക്രമസമാധാന ചുമതല ചില തീവ്രവിഭാഗങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. നിർബന്ധിതമായി മതപരിവർത്തനം നടത്തുന്നതിന് എതിരാണ് കത്തോലിക്ക സഭ. പല സംസ്ഥാനങ്ങളിലും അടുത്തകാലത്ത് നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. മതപരിവർത്തനം നിർബന്ധിതമാണോ എന്ന് തീരുമാനിക്കുന്നത് ആരാണെന്നതാണ് അടിസ്ഥാനപരമായ ചോദ്യം. നാട്ടിലെ സാമൂഹ്യവിരുദ്ധർ അത് തീരുമാനിക്കാൻ തുടങ്ങിയാൽ അത് അപകടമാണെ'ന്നും പാംപ്ലാനി ചൂണ്ടിക്കാണിച്ചു.
Content Highlights: Roman Catholic Church has not considered the BJP an 'untouchable' party, said Mar Joseph Pamplany