തിരുവനന്തപുരം: ഓണ്ലൈന് ഡെലിവറി തൊഴിലാളികള് ട്രാഫിക് നിയമം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കമ്പനികള്ക്ക് നോട്ടീസ് നല്കി മോട്ടോര് വാഹന വകുപ്പ്. ഡെലിവറി ആപ്പുകളായ ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്റ്റോ, ബിഗ് ബാസ്കറ്റ് എന്നീ പ്ലാറ്റ്ഫോമുകള്ക്കാണ് മോട്ടോര് വാഹന വകുപ്പിന്റെ നോട്ടീസ്. ഡെലിവറി തൊഴിലാളികള് വാഹനം ഓടിക്കുന്നത് അപകടകരമായും ശ്രദ്ധയില്ലാതെയുമാണെന്നും കമ്പനിയുടെ സുരക്ഷാ നയങ്ങള് റോഡ് സുരക്ഷ മാനദണ്ഡങ്ങള്ക്കനുസരിച്ച് പരിഷ്കരിക്കണമെന്നും എംവിഡി നല്കിയ നോട്ടീസില് പറയുന്നു. ഈ നിയമങ്ങള് ലംഘിച്ചാല് കര്ശന നടപടിയുണ്ടാകുമെന്നും അറിയിപ്പുണ്ട്. ഇതിനായി കമ്പനികള്ക്ക് 15 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങളില് ഡെലിവറിക്കായി പോകുന്ന തൊഴിലാളികള് റോഡ് നിയമങ്ങള് ലംഘിക്കുന്നതായി ശ്രദ്ധയില്പ്പെട്ടതിനാലാണ് നടപടിയെന്ന് എംവിഡിയുടെ നോട്ടീസില് പറയുന്നു. പല പ്ലാറ്റ്ഫോമുകളിലും ആളുകളെ ആകര്ഷിക്കുന്നതിനായി ഏഴ് മിനിട്ടില് ഡെലിവറി, 20 മിനിട്ടില് ഡെലിവറി എന്നിങ്ങനെ കാണാം. എന്നാല് ഇത് റോഡ് സുരക്ഷാ നിയമത്തിന്റെ ലംഘനമാണ്. നോട്ടീസില് പരമാര്ശിക്കുന്നു.
'അമിത വേഗത, സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കാതിരിക്കുക തുടങ്ങിയവ എപ്പോഴും ഡെലിവറി തൊഴിലാളികള് നടത്തുന്ന നിയമലംഘനങ്ങളില് ചിലതാണ്. ഡെലിവറി തൊഴിലാളികള് ഒരു ഓര്ഡര് കൊടുത്ത്, അടുത്തത് പിടിച്ച് തങ്ങളുടെ വരുമാനം വര്ധിപ്പിക്കാനുള്ള ഓട്ടത്തിലാണ്. പലപ്പോഴും ഓണ്ലൈന് സ്റ്റോറുകള് തൊഴിലാളികള്ക്ക് നല്കുന്നത് ചുരുങ്ങിയ സമയപരിധിയാണ്. ഈ സമയത്തിനുള്ളില് എത്തപ്പെടാനുള്ള ഡെലിവറി തൊഴിലാളികളുടെ ഓട്ടം റോഡ് സുരക്ഷയില് വീഴ്ച്ച വരുത്തിക്കൊണ്ടാണ്.' എംവിഡി നോട്ടീസില് പറയുന്നു.
Content Highlight; Online delivery workers violate traffic law; Notice of MVD including swiggy