ആർക്കും നീതി നിഷേധിച്ചിട്ടില്ല, ആരെയും ഇറക്കിവിട്ടിട്ടുമില്ല; എകെഎം അഷ്‌റഫ് എംഎൽഎയുടെ ആരോപണം തളളി കളക്ടർ

കുമ്പള ടോള്‍ പിരിവില്‍ തീരുമാനം കോടതി ഉത്തരവ് വന്നതിന് ശേഷമായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി

കാസര്‍കോട്: ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ മോശമായി പെരുമാറിയെന്ന മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫിന്റെ ആരോപണം തളളി കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍. ചര്‍ച്ചയ്ക്ക് വന്നവരെ ആരെയും താന്‍ ഇറക്കിവിട്ടിട്ടില്ലെന്നും ആര്‍ക്കും നീതി നിഷേധിച്ചിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. കുമ്പള ടോള്‍ പിരിവില്‍ തീരുമാനം കോടതി ഉത്തരവ് വന്നതിന് ശേഷമായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് എത്തിയപ്പോള്‍ കളക്ടര്‍ മോശമായി പെരുമാറി എന്നായിരുന്നു സമരസമിതിയുടെ ആരോപണം.

കാസർകോട് ജില്ലാ കളക്ടര്‍ക്കെതിരെ  മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമാണ് എകെഎം അഷ്റഫ് എംഎൽഎ പരാതി നൽകിയത്. ചര്‍ച്ചയ്ക്ക് എത്തിയപ്പോള്‍ കളക്ടർ മോശമായി പെരുമാറിയെന്നും ഗണ്‍മാനെ ഉപയോഗിച്ച് സമരസമിതിക്കാരെ ഉള്‍പ്പെടെ പുറത്താക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ആരോപണം. കളക്ടര്‍ ടോള്‍ പിരിവിന് അനുകൂലമായ നിലപാട് എടുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഹൈക്കോടതിയുടെ ഉത്തരവ് വരുന്നതിന് മുന്‍പ് ടോള്‍ പിരിക്കാനുളള ശ്രമത്തിലാണ് പ്രതിഷേധം. ഈ മാസം 20-ന് ടോള്‍ പിരിവ് തുടങ്ങാനുളള ശ്രമം തടയും. പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും കോടതിയുടെ പരിഗണനയിലുളള വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നും ജില്ലാ കളക്ടർ നേരത്തെ വിശദീകരിച്ചിരുന്നു.

Content Highlights: No one has been denied justice; Kasargod Collector refuces MLA AKM Ashraf's allegations

To advertise here,contact us