മുത്തങ്ങയുടെ ചരിത്രം മറന്നിട്ടില്ല, സമരം ചെയ്തവര്‍ക്ക് ഭൂമി നല്‍കിയത് യുഡിഎഫ്: സി കെ ജാനു

'അര്‍ഹമായ പരിഗണന തെരഞ്ഞെടുപ്പില്‍ കിട്ടുമെന്നാണ് പ്രതീക്ഷ'

കൊച്ചി: യുഡിഎഫില്‍ അര്‍ഹമായ പരിഗണന കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. മുത്തങ്ങയുടെ ചരിത്രം മറന്നിട്ടില്ലെന്നും എന്നാല്‍ പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിന് കൂടെ നിന്നത് യുഡിഫ് ആണെന്നും അവര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

യുഡിഫിന്റെ ഭാഗമായി ഒന്നിച്ചു പോകും. മുത്തങ്ങയില്‍ സമരം ചെയ്തവര്‍ക്ക് ഭൂമി നല്‍കിയത് യുഡിഎഫ് ആണ്. ഉപാധി എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഉപാധി വെച്ച് പരാതി പറയേണ്ട കാര്യമില്ലല്ലോ. പ്രായോഗികമായ കാര്യങ്ങള്‍ പറഞ്ഞു. അര്‍ഹമായ പരിഗണന തെരഞ്ഞെടുപ്പില്‍ കിട്ടുമെന്നാണ് പ്രതീക്ഷ. മുത്തങ്ങ മറക്കില്ല, എന്നും മനസില്‍ ഉണ്ട്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ മുത്തങ്ങക്കായി ഒരു പാക്കേജ് അനുവദിച്ചിരുന്നു. ഇങ്ങനെ ചില നല്ലകാര്യങ്ങളും ചെയ്തിട്ടുണ്ട്. പാര്‍ട്ടി ഐകകണ്‌ഠേന എടുത്ത തീരുമാനമാണിതെന്നും അവര്‍ വ്യക്തമാക്കി. പരസ്പരം വെട്ടുന്നവര്‍ പോലും പിന്നീട് കൈ കൊടുക്കുന്നുണ്ട്. അതിനപ്പുറം ഇതിലും ഇല്ലെന്നും ജാനു കൂട്ടിച്ചേര്‍ത്തു.

മുത്തങ്ങ വെടിവെപ്പ് അന്നത്തെ സാഹചര്യത്തില്‍ ഉണ്ടായതാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ആരും ആഗ്രഹിച്ചതല്ലെന്നും സി കെ ജാനുവിനെ യുഡിഎഫ് ചേര്‍ത്തുപിടിക്കുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Content Highlights: c k janu says she has not forgotten the history of Muthanga

To advertise here,contact us