വാളയാര്‍ ആള്‍ക്കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയത് RSS, പിന്നില്‍ സംഘപരിവാർ വിദ്വേഷരാഷ്ട്രീയം: എം ബി രാജേഷ്

സംഘപരിവാര്‍ രാജ്യമാകെ പടര്‍ത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ വംശീയ വിഷത്തിന്റെ ഇരയാണ് റാം നാരായണെന്നും ബംഗ്ലാദേശിയെന്ന ചാപ്പ കുത്തല്‍ വംശീയ വിദ്വേഷത്തില്‍ നിന്നും ഉണ്ടാകുന്നതാണെന്നും മന്ത്രി പറഞ്ഞു

പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ട കൊലയ്ക്ക് പിന്നില്‍ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണെന്ന് മന്ത്രി എം ബി രാജേഷ്. ബംഗ്ലാദേശി എന്ന് ആക്ഷേപിച്ചാണ് ആള്‍കൂട്ടം രാംനാരായണിനെ ആക്രമിച്ചതെന്നും ആര്‍എസ്എസ് നേതാക്കളാണ് അതിന് നേതൃത്വം നല്‍കിയതെന്നും എം ബി രാജേഷ് പറഞ്ഞു. സര്‍ക്കാര്‍ റാംനാരായണിന്റെ കുടുംബത്തോടൊപ്പമുണ്ടെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ വേണ്ട ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'തൊഴില്‍ തേടിയെത്തിയ ആ യുവാവിനെ അറിയപ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരടങ്ങിയ സംഘം വിചാരണ ചെയ്ത് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ബംഗ്ലാദേശിയെന്ന ചാപ്പ കുത്തല്‍ വംശീയ വിദ്വേഷത്തില്‍ നിന്നും വംശീയ രാഷ്ട്രീയത്തില്‍ നിന്നും ഉണ്ടാകുന്നതാണ്. സംഘപരിവാര്‍ രാജ്യമാകെ പടര്‍ത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ വംശീയ വിഷത്തിന്റെ ഇരയാണ് റാം നാരായണ്‍. ആള്‍ക്കൂട്ടക്കൊല എന്ന് മാത്രമാണ് മാധ്യമങ്ങളുള്‍പ്പെടെ ഇപ്പോഴും പറയുന്നത്. അതിന്റെ ഉത്തരവാദികളെ വ്യക്തമായിട്ടും മറച്ചുവയ്ക്കുന്നത് എന്തിനാണ്? അറസ്റ്റിലായവര്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകരെ വീട്ടില്‍ കയറി കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളുമാണ്. അവരുടെ രാഷ്ട്രീയവും ക്രിമിനല്‍ പശ്ചാത്തലവുമെല്ലാം വ്യക്തമാണ്. എന്നിട്ടും ആ വിദ്വേഷ രാഷ്ട്രീയമാണ് അതിന് പിന്നിലെന്നത് മറച്ചുവയ്ക്കാന്‍ ശ്രമം നടക്കുകയാണ്. ഏതെങ്കിലും തരത്തില്‍ സിപിഐഎം വിദൂരബന്ധമുണ്ടായിരുന്നെങ്കില്‍ എങ്ങനെ ആഘോഷിക്കപ്പെടുമായിരുന്നു ഈ ആള്‍ക്കൂട്ടക്കൊല. സംഘപരിവാര്‍ നേതൃത്വത്തിന് നേരെ ഒരു ചോദ്യംപോലുമില്ല. ഇത് മറച്ചുവയ്ക്കുക വഴി ഈ വിദ്വേഷ രാഷ്ട്രീയത്തിന് വളമിടുകയാണ് നാം ചെയ്യുന്നത്. അതിനെ തുറന്നുകാണിക്കാന്‍ മാധ്യമങ്ങള്‍ മുന്നോട്ടുവരേണ്ടതുണ്ട്': എം ബി രാജേഷ് പറഞ്ഞു.

സര്‍ക്കാര്‍ രാംനാരായണിന്റെ കുടുംബത്തിനൊപ്പമുണ്ടെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും എം ബി രാജേഷ് പറഞ്ഞു. 'അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. ശക്തമായ നടപടികളുണ്ടാകും. ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ പഴുതടച്ച നടപടികളുണ്ടാകും. മലയാളിയല്ലാത്ത ഏതൊരാളും ബംഗ്ലാദേശിയാണ് എന്നതാണ് ആര്‍എസ്എസ് കേരളത്തില്‍ നടത്തുന്ന പ്രചാരണം. അങ്ങനെ ചാപ്പ കുത്തി അവരെ തല്ലികൊല്ലുകയാണ്. ആടിനെ പട്ടിയാക്കി, പേപ്പട്ടിയാക്കി, പിന്നെ തല്ലിക്കൊല്ലുക എന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഉത്തരേന്ത്യയില്‍ ആള്‍ക്കൂട്ട കൊലകള്‍ക്ക് ആര്‍എസ്എസാണ് നേതൃത്വം കൊടുക്കുന്നത്. ഈ കേസിലും പ്രതിസ്ഥാനത്ത് സംഘപരിവാറാണ്': എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 18-നാണ് ഛത്തീസ്ഗഢ് സ്വദേശി രാംനാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ മര്‍ദ്ദിച്ചത്. എന്നാല്‍ റാം നാരായണിന്റെ കയ്യില്‍ മോഷണ വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ല. 'നീ ബംഗ്ലാദേശി ആണോടാ' എന്നടക്കം ചോദിച്ചായിരുന്നു മര്‍ദ്ദനം. സംസാരിക്കാന്‍ ശ്രമിക്കുമ്പോളെല്ലാം റാമിന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. വാളയാര്‍ അട്ടപ്പള്ളത്തുവെച്ച് വൈകിട്ട് ആറോടെയാണ് റാമിന് മര്‍ദ്ദനമേറ്റത്. അവശനിലയില്‍ റാം നാരായണനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Content Highlights: Sangh Parivar's politics of hatred behind Walayar mob lynching: Minister MB Rajesh

To advertise here,contact us