ശബരിമല സ്വര്‍ണക്കൊളള കേസ്; എന്‍ വിജയകുമാറിനും കെ പി ശങ്കരദാസിനും കുരുക്കായി പോറ്റിയുടെ മൊഴി

ബോര്‍ഡ് അറിഞ്ഞുകൊണ്ടാണ് എല്ലാം ചെയ്തത് എന്നാണ് പോറ്റിയുടെ മൊഴി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്ക് കുരുക്ക്. എന്‍ വിജയകുമാറിനും കെ പി ശങ്കരദാസിനുമെതിരെ കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴി. ബോര്‍ഡ് അറിഞ്ഞുകൊണ്ടാണ് എല്ലാം ചെയ്തത് എന്നാണ് പോറ്റിയുടെ മൊഴി. സ്വർണപ്പാളി കെെമാറാനുള്ള പത്മകുമാറിന്റെ തീരുമാനത്തെ ബോർഡ് അംഗീകരിച്ചതിനും തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും പ്രത്യേകം പ്രതിചേര്‍ക്കാനാണ് എസ്‌ഐടി നീക്കം. ഇവരെ ഉടന്‍ ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തും.

സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്കും ബെല്ലാരിയിലെ റൊദാം ജ്വല്ലറി ഉടമ ഗോവര്‍ദ്ധനും മുന്‍പേ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ചോദ്യംചെയ്തിരുന്നു. അപ്പോഴാണ് പത്മകുമാര്‍ ഒറ്റയ്ക്ക് എടുത്ത തീരുമാനമായിരുന്നില്ല മറിച്ച് ബോര്‍ഡ് അംഗങ്ങളായ കെ പി ശങ്കരദാസിനും എന്‍ വിജയകുമാറിനും സ്വർണക്കെെമാറ്റത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നുവെന്ന് പോറ്റി മൊഴി നൽകിയത്. മൂവരും ചേര്‍ന്നെടുത്ത ദേവസ്വം ബോര്‍ഡിന്റെ തന്നെ തീരുമാനമാണ് തനിക്ക് പാളികള്‍ കൈമാറാനുളള തീരുമാനം എന്നാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴി. ഇക്കാര്യം പത്മകുമാറും നേരത്തെ മൊഴി നല്‍കിയിരുന്നു. താന്‍ ഒറ്റയ്ക്കല്ല തീരുമാനമെടുത്തതെന്നും അതൊരു കൂട്ടുത്തരവാദിത്തമാണ് അതില്‍ തന്നോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് അംഗങ്ങള്‍ക്കും പങ്കുണ്ടെന്നാണ് പത്മകുമാര്‍ പറഞ്ഞത്.

ശബരിമല സ്വര്‍ണക്കൊളള കേസിലെ ഏറ്റവും നിര്‍ണായകമായ അറസ്റ്റായിരുന്നു എ പത്മകുമാറിന്റേത്. അറസ്റ്റിലേയ്ക്ക് നയിച്ചത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൊടുത്തുവിടാനുളള തീരുമാനം എഴുതി ഒപ്പിട്ട ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ മിനുട്‌സായിരുന്നു. ആ യോഗത്തിന്റെ മിനുട്‌സില്‍ പത്മകുമാറിനൊപ്പം വിജയകുമാറും ശങ്കര്‍ദാസും ഒപ്പിട്ടിരുന്നു. എന്നാല്‍ അന്ന് തങ്ങള്‍ ഒപ്പിട്ടതിന് ശേഷം പത്മകുമാര്‍ മിനുട്‌സ് തിരുത്തിയതാണ് എന്നായിരുന്നു ഇരുവരും ചോദ്യംചെയ്യലിനിടെ പറഞ്ഞത്. ഇരുവരും ഇതില്‍ എതിര്‍പ്പറിയിച്ചതായും രേഖകളില്ല. ഇവരെ പ്രത്യേകം പ്രതിചേര്‍ക്കാനാണ് എസ്ഐടിയുടെ നീക്കം. ഉടന്‍ ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തും.

അതേസമയം, പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ദ്ധനുമായി എസ്‌ഐടി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. ദേവസ്വം ബോർഡിന് ഗോവർദ്ധൻ പത്തുലക്ഷം രൂപ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. പണം പോറ്റിയുടെ നിർദേശപ്രകാരം അന്നദാനം നടത്താനായിരുന്നുവെന്നും സ്വർണം വാങ്ങിയതിലുളള കുറ്റബോധത്തിലാണ് അന്നദാനം നടത്താൻ തീരുമാനിച്ചതെന്നും ഗോവർദ്ധൻ മൊഴി നൽകി. പത്ത് ലക്ഷത്തിന്റെ ഡിഡി ഇതിന് തെളിവാണെന്നും മാളികപ്പുറത്ത് 10 പവൻ മാല സമർപ്പിച്ചെന്നും ഗോവർദ്ധൻ അന്വേഷണസംഘത്തോട് പറഞ്ഞു. 2021-ലാണ് പണവും സ്വർണവും നൽകിയതെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി വഴിയാണ് കൈമാറിയതെന്നും ഗോവർദ്ധൻ പറഞ്ഞു.

Content Highlights: Sabarimala gold theft case; Potty's statement implicates N Vijayakumar and KP Shankaradas

To advertise here,contact us