വടി ഉപയോഗിച്ച് തലയിലും മുതുകിലും അടിച്ചു; രാംനാരായണിനെ പ്രതികൾ ആക്രമിച്ചത് കൊല്ലാനുള്ള ഉദ്ദേശത്തോടെ

വാളയാറിൽ ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ നേരിട്ടത് അതിക്രൂരമർദനമെന്ന് റിമാൻഡ് റിപ്പോർട്ട്

പാലക്കാട്: പാലക്കാട് വാളയാറില്‍ ഛത്തീസ്ഗഡ് ബിലാസ്പുര്‍ സ്വദേശി രാംനാരായണ്‍ നേരിട്ടത് ക്രൂര മര്‍ദനമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് രാംനാരായണിനെ പ്രതികള്‍ ആക്രമിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാംനാരായണിന്റെ മുതുകിലും തലയിലും പ്രതികള്‍ വടികൊണ്ടും കൈകള്‍കൊണ്ടും അടിച്ചു. ഒന്നാം പ്രതിയായ അനുവും രണ്ടാം പ്രതിയായ പ്രസാദുമാണ് ഇത്തരത്തില്‍ മര്‍ദിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൂന്നാം പ്രതിയായ മുരളി രാംനാരായണിന്റെ മുഖത്ത് കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. നാലാം പ്രതിയായ ആനന്ദൻ രാംനാരായണിന്റെ വയര്‍ ഭാഗത്ത് കാലുകൊണ്ട് ചവിട്ടുകയാണ് ചെയ്തത്. അഞ്ചാം പ്രതി ബിപിനും സമാനമായ അതിക്രമമാണ് നടത്തിയത്. ഇയാള്‍ രാംനാരായണിന്റെ തലയില്‍ കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയാണ് ചെയ്തത്. സാക്ഷിമൊഴികളില്‍ നിന്നും വീഡിയോ പരിശോധിച്ചതില്‍ നിന്നുമാണ് ഈ നിഗമനത്തിലെത്തിയതെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതിനിടെ രാംനാരായണിന്റെ കുടുംബവുമായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ചര്‍ച്ച നടത്തി. പത്ത് ലക്ഷത്തില്‍ കുറയാത്ത ധനസഹായം നല്‍കുമെന്ന കാര്യം മന്ത്രി ഉറപ്പുനല്‍കി. മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പട്ടികജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമവും ആള്‍ക്കൂട്ടക്കൊലപാതകത്തിന്റെ വകുപ്പുകളും ചുമത്തും. കുടുംബത്തിന്റേത് പ്രതിഷേധമായി കണക്കാക്കേണ്ടതില്ല. ആകുലതകള്‍ മാത്രമാണ് പങ്കുവെച്ചതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ രാംനാരായണിന്റെ കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം ഏറ്റെടുക്കുമെന്ന് കുടുംബം അറിയിച്ചു. രാംനാരായണിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ ചെയ്യും. കുടുംബാംഗങ്ങളെയും നാട്ടിലെത്തിക്കും. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടപെട്ടു. രാംനാരായണിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കും. രാംനാരായണിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വാളയാറിലെ ആള്‍ക്കൂട്ടക്കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ്, ബിജെപി ക്രിമിനലുകളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു. ആര്‍എസ്എസിന് വേണ്ടി കൊടും ക്രൂരത ചെയ്യുന്നവരാണ് ഇത് ചെയ്തത്. ബിജെപി ശക്തി കേന്ദ്രങ്ങളില്‍ ചെയ്യുന്ന പ്രവര്‍ത്തനം ഇവിടെ ചെയ്തു. ഇത് കേരളത്തില്‍ അംഗീകരിക്കാനാവില്ല. കര്‍ശനടപടി ഉണ്ടാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാകും കേസ് അന്വേഷിക്കുക. 10 അംഗ എസ്‌ഐടി രൂപീകരിച്ചെന്ന് അജിത് കുമാര്‍ ഐപിഎസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. എസ്‌സി, എസ്ടി വകുപ്പ് ഉള്‍പ്പെടെ ചുമത്തും. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ ഉണ്ടെന്ന് സംശയമുണ്ട്. പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടോ എന്ന് പരിശോധിക്കും. പിടിയിലായവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. വീഡിയോയില്‍ ബംഗ്ലാദേശിയാണോ എന്ന് ചോദിക്കുന്നുണ്ട്. അത് പരിശോധിക്കും. എഫ്‌ഐആര്‍ പുതുക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വാളയാര്‍ അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് ബിലാസ്പുര്‍ സ്വദേശിയായ രാംനാരായണ്‍ അതിക്രൂരമായ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി മരിക്കുന്നത്. അട്ടപ്പള്ളത്ത് ഒരു കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന രാംനാരായണിനെ കണ്ട് അസ്വാഭാവികത തോന്നിയ ചില തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്തെ യുവാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ സ്ഥലത്തെത്തുകയും ആള്‍ക്കൂട്ട വിചാരണ നടത്തുകയുമായിരുന്നു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു വിചാരണ. താനൊന്നും മോഷ്ടിച്ചില്ലെന്ന് രാംനാരായണ്‍ പറയുന്നുണ്ടെങ്കിയും സംഘം അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. 'നീ ബംഗ്ലാദേശി ആണോടാ' എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും സംഘം പകര്‍ത്തിയിരുന്നു.

ക്രൂരമര്‍ദനമേറ്റ് രാംനാരായണ്‍ നിലത്തുവീണുപോയിരുന്നു. മണിക്കൂറുകളോളം ആരും തിരിഞ്ഞുനോക്കാതെ നിലത്തുതന്നെ കിടന്നു. പൊലീസ് എത്തിയാണ് രാംനാരായണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സയ്ക്കിടെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നോഴാണ് രാംനാരായണ്‍ അനുഭവിച്ച ക്രൂരതയുടെ ആഴം പുറംലോകമറിയുന്നത്. രാംനാരായണിന്റെ ശരീരത്തിലാകെ മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. നെഞ്ചിലടക്കം ആഴത്തില്‍ മര്‍ദനമേറ്റു. തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമായതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കറും ഇക്കാര്യം വിശദീകരിച്ചിരുന്നു. രാംനാരായണിന്റെ ശരീരത്തില്‍ മര്‍ദനമേല്‍ക്കാത്ത ഒരു സ്ഥലം പോലും ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ശരീരം മുഴുവന്‍ മൃഗീയമായ മര്‍ദനത്തിന്റെ അടയാളങ്ങളുണ്ടായിരുന്നു. ശരീരത്തില്‍ പലയിടങ്ങളില്‍ നിന്നുണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്നിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ ആദ്യം മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. പിന്നാലെ അഞ്ച് പേരെ കൂടി കസ്റ്റഡിയില്‍ എടുത്തു. ഇതിന് പിന്നാലെ സംഭവത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പങ്കുണ്ടെന്ന വിവരവും പൊലീസ് പുറത്തുവിട്ടു. സ്ത്രീകള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന പതിനാല് പേര്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പറഞ്ഞിരുന്നു. ഒരാള്‍ക്ക് സിപിഐഎം ബന്ധമുണ്ടെന്നും തങ്കപ്പന്‍ സൂചിപ്പിച്ചിരുന്നു.

Content Highlights- Palakkad mob lynching: Ramnarayan faced brutal attack says in remand report out

To advertise here,contact us