ഭരണം യുഡിഎഫിന് തന്നെയെന്ന് പ്രതീക്ഷ: മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസിലെ പ്രമുഖർ

89 സീറ്റില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നാണ് ഏറ്റവും അവസാനം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം വിലയിരുത്തിയത്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിലും മികച്ച വിജയം മുന്നണിക്കുണ്ടാകുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ് നേതൃത്വം. ഇതോടെ മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ടുള്ള നീക്കങ്ങളും കോണ്‍ഗ്രസില്‍ സജീവമായി. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ട് ജനങ്ങളിലേക്ക് കൂടതല്‍ ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്.

വി ഡി സതീശനും രമേശ് ചെന്നിത്തലയും സംസ്ഥാന രാഷ്ട്രീയത്തില്‍ ഇതിനോടകം തന്നെ സജീവമാണെങ്കിലും കെ സി വേണുഗോപാല്‍ കൂടെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ മികച്ച മുന്നേറ്റം കോണ്‍ഗ്രസ് നേതാക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.

ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി പാര്‍ലമെന്ററി പാര്‍ട്ടി ഒരു നേതാവിനെ തെരഞ്ഞെടുക്കും. എന്നാല്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേത് ആയിരിക്കും. കഴിഞ്ഞതവണ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് പാര്‍ലമെന്ററി പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും രമേശ് ചെന്നിത്തലയെ പിന്തുണച്ചപ്പോള്‍ ഹൈക്കമാന്‍ഡ് വി ഡി സതീശന് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. 2026 ല്‍ എന്തായാലും ഭരണം കിട്ടുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. 89 സീറ്റില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നാണ് ഏറ്റവും അവസാനം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം വിലയിരുത്തിയത്.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തെ കുറിച്ചും നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നോട്ട് വെക്കേണ്ട രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഇന്ന് കൊച്ചിയില്‍ യുഡിഎഫ് യോഗം ചേരും. തൊഴിലുറപ്പ് ബില്ലും സ്വര്‍ണക്കൊള്ളയും ചര്‍ച്ചയാക്കാനും സമരം കടുപ്പിക്കാനുമാണ് യുഡിഎഫിന്റെ തീരുമാനം.

മുന്നണി വിപുലീകരിക്കാനും തീരുമാനമുണ്ട്. പി വി അന്‍വറിനെയും സി കെ ജാനുവിനെയും മുന്നണിയില്‍ ഉള്‍പ്പെടുത്താനും ധാരണയുണ്ട്. നാളത്തെ യുഡിഎഫ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം കൈകൊള്ളും. സീറ്റ് വിഭജനം വേഗത്തില്‍ പൂര്‍ത്തിയാക്കാനും സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കാനും യുഡിഎഫ് ആലോചനയിലുണ്ട്.

Content Highlights: K C Venugopal Ramesh Chennithala and V D Satheesan try to become CM if UDF win

To advertise here,contact us