എന്‍ഡിഎയുമായി അഭിപ്രായ വ്യത്യാസമുണ്ട്, എന്നാൽ യുഡിഎഫിന്‍റെ ഭാഗമാകില്ല; വിഷ്ണുപുരം ചന്ദ്രശേഖരൻ

ബിജെപിയുടെ അടിമയല്ല ഞാൻ, വേണ്ടിവന്നാൽ എതിരെ മത്സരിക്കും, അങ്ങനെ മത്സരിച്ച ചരിത്രവും ഉണ്ടെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ

തിരുവനന്തപുരം: യുഡിഎഫിന്റെ ഭാഗമാകില്ലെന്ന് കേരള കാമരാജ് കോൺഗ്രസ് പാർട്ടി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ. യുഡിഎഫിന്റെ ഭാഗമാകുമെന്ന വാർത്ത അറിയുന്നത് മാധ്യമങ്ങൾ വഴിയാണെന്നും യുഡിഎഫിലേക്ക് എടുക്കണമെന്ന് ആവശ്യപ്പെട്ട് താൻ അപേക്ഷ നൽകിയിട്ടില്ലെന്നും അങ്ങനെയൊന്ന് ഉണ്ടെങ്കിൽ അത് പുറത്തുവിടണമെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.

സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെയും പി വി അൻവറിന്റെ തൃണമൂൽ കോൺഗ്രസിനെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ് കോൺഗ്രസ് പാർട്ടിയെയും യുഡിഎഫ് അസോസിയേറ്റ് അംഗമാക്കുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ പ്രതികരണം.

എൻഡിഎയുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് പരിഹരിക്കാൻ പ്രാപ്തനുമാണ്. മുന്നണിയിലേക്ക് എടുക്കണമെന്നാവശ്യവുമായി താൻ യുഡിഎഫിന് അപേക്ഷ കൊടുത്തുവെന്ന് പറയുന്നത് ശരിയല്ല. താൻ ഇപ്പോഴും ഒരു സ്വയം സേവകനാണ്. എൻഡിഎ മുന്നണിയുമായി പല അതൃപ്തികളുമുണ്ടെങ്കിലും അതിൽനിന്ന് ചാടിപ്പോകാൻ മാത്രം അതൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ വന്നതിന് ശേഷം പാർട്ടിക്ക് മെച്ചപ്പെട്ട പരിഗണന ലഭിക്കുന്നുണ്ട്. തനിക്കുള്ള വിഷയങ്ങൾ രാജീവ് ചന്ദ്രശേഖർ ഒരു പരിധി വരെ പരിഹരിച്ചിട്ടുണ്ട്. എൻഡിഎ ഘടകകക്ഷികളോട് കാണിക്കുന്ന രീതി ശരിയല്ല. ഘടകകക്ഷികൾക്ക് മെച്ചപ്പെട്ട പരിഗണന ലഭിക്കുന്നില്ല. അത് അടുത്ത എൻഡിഎ മീറ്റിംഗിൽ സംസാരിക്കും.എൻഡിഎ സമീപനം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് നേതാക്കളുമായി മൂന്നുമാസം മുമ്പ് സംസാരിച്ചിരുന്നു. നാല് മാസം മുമ്പ് വി ഡി സതീശനെ കണ്ടിരുന്നു. രമേശ് ചെന്നിത്തലയോടും തിരുവഞ്ചൂരിനോടും സംസാരിച്ചിട്ടുണ്ട്. അതൃപ്തിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. സുഹൃത്ത് എന്ന നിലയിൽ പറയുന്നത് മാത്രം. അപേക്ഷ നൽകി ചർച്ച ചെയ്തു എന്നാണ് യുഡിഎഫ് പറയുന്നത്. ആർക്കെങ്കിലും കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് പുറത്ത് വിടണമെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.

എല്ലാം ഒറ്റയ്ക്ക് തിന്നാനുള്ള ആർത്തിയാണ് ബിജെപിക്ക്. ബിജെപിയുടെ അടിമയല്ല താൻ. ആരുടേയും അടിമയായി ജീവിക്കില്ല. ബിജെപിക്ക് എതിരെ മത്സരിക്കേണ്ടി വന്നാൽ മത്സരിക്കും. അങ്ങനെ മത്സരിച്ച ചരിത്രവും ഉണ്ട്. തനിക്ക് വിലപേശാൻ ഒന്നുമില്ല. താൻ അഭിപ്രായ വ്യത്യാസം തുറന്നു തന്നെ പറയും. എൻഡിഎയ്ക്ക് അകത്ത് തന്റെ പ്രശ്‌നങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട്. പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന് കരുതുന്നു. ചില ആളുകൾക്ക് ഘടകകക്ഷിയോട് ചിറ്റമ്മ നയമാണ്. സി കെ ജാനു മണ്ടത്തരം കാണിച്ചു എന്നേ പറയാൻ ഉള്ളു. പണ്ട് പ്രധാനമന്ത്രി വരുമ്പോൾ എങ്കിലും മുന്നിൽ കസേര കിട്ടുമായിരുന്നു. ഇനി അതും കിട്ടില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. അതേസമയം സി കെ ജാനുവും പി വി അൻവറും യുഡിഎഫിന്റെ ക്ഷണം സ്വീകരിച്ചിരിക്കയാണ്.

Content Highlights: Indian National Kamaraj Congress Party leader Vishnupuram Chandrasekharan says he will not be part of the UDF

To advertise here,contact us