കണ്ണൂര്: തദ്ദേശ തെരഞ്ഞെടുപ്പില് പാര്ട്ടിക്കെതിരെ നീങ്ങിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂരില് നാല് നേതാക്കളെ പുറത്താക്കി കോണ്ഗ്രസ്. ഡിസിസി എക്സിക്യൂട്ടീവ് അംഗം കാപ്പാടന് ശശി, മൈനോറിറ്റി കോണ്ഗ്രസ് ജില്ലാ ചെയര്മാന് കെ ആര് അബ്ദുല് ഖാദര്, പ്രാദേശിക നേതാക്കളായ സതീശന് കടാങ്കോട്, രഘുനാഥ് തളിയില് എന്നിവര്ക്കെതിരെയാണ് നടപടി. ജില്ലാ കോര് കമ്മിറ്റിയുടേതാണ് തീരുമാനം.
ആന്തൂരില് സ്ഥാനാര്ത്ഥിയുടെ നിര്ദേശകനായിരുന്നു രഘുനാഥ് തളിയില്. നാമനിര്ദേശ പത്രികയില് താന് ഒപ്പിട്ടില്ല എന്ന് വരണാധികാരിക്ക് മുന്പില് ഇയാള് മൊഴി നല്കിയതോടെ പത്രിക തള്ളിയിരുന്നു. ഇതിന് പിന്നാലെ ആണ് രഘുനാഥിനെ പാര്ട്ടിയില് നിന്ന് പുറത്താക്കുന്നത്. പാര്ട്ടിക്കെതിരെ നിലപാട് സ്വീകരിച്ചതിനാണ് മറ്റുള്ളവര്ക്കെതിരായ നടപടി. പാര്ട്ടി നടപടിക്ക് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി കെ ആര് അബ്ദുല് ഖാദര് രംഗത്തെത്തി.
താന് ചെയ്ത തെറ്റ് എന്താണെന്ന് പോലും പറയാതെയാണ് പാര്ട്ടി തനിക്കെതിരെ നടപടിയെടുത്തതെന്ന് അബ്ദുല് ഖാദര് കുറിപ്പില് പറഞ്ഞു. മറ്റുള്ളവര് പറഞ്ഞിട്ടാണോ പാര്ട്ടിയില് നിന്ന് പുറത്താക്കപ്പെട്ട വിവരം താന് അറിയേണ്ടതെന്നും ഇങ്ങനെ ആണോ പാര്ട്ടി ഉഷാറാകേണ്ടതെന്നും അബ്ദുല് ഖാദര് ചോദിച്ചു. പാര്ട്ടിയെ കെട്ടിപ്പടുക്കാന് കഷ്ടപ്പെട്ട തന്നെപ്പോലെയുള്ളവരെ ഇത്ര ലാഘവത്തോടെ പുറത്താക്കാന് കാണിച്ചതിന് നന്ദി അറിയിക്കുന്നു. പാര്ട്ടി ആവശ്യപ്പെട്ടിരുന്നെങ്കില് രാജി നല്കുമായിരുന്നു. തന്നെ ഒരു ആവശ്യവുമില്ലാതെ ഇങ്ങനെ പുറത്താക്കി നാറ്റിക്കേണ്ടിയിരുന്നില്ല. ഈ പാര്ട്ടിയില് നീതിമാന്മാര്ക്ക് സ്ഥാനമില്ല എന്ന് മനസിലാക്കി തന്ന ഡിസിസി പ്രസിഡന്റിന് നന്ദി. തന്നെ ചതിക്കുഴിയില് വീഴ്ത്തിയെന്ന് സന്തോഷിക്കുന്നവരെ നമിക്കുന്നുവെന്നും അബ്ദുല് ഖാദര് കുറിപ്പില് പറയുന്നു.
അബ്ദുല് ഖാദറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
ബഹുമാനപ്പെട്ട ഡിസിസി പ്രസിഡന്റ് ഞാന് എന്ത് തെറ്റാണ് ചെയ്തത് എന്നോട് എന്തെങ്കിലും ചോദിക്കാതെ എന്നെ എന്റെ പാര്ട്ടിയില് നിന്നും പുറത്താക്കിയത് മറ്റുള്ളവര് പറഞ്ഞിട്ടാണോ ഞാന് അറിയേണ്ടത്. ഇങ്ങനെ ആണോ പാര്ട്ടി ഉഷാറാക്കുന്നത്. എന്തായാലും സന്തോഷം. പാര്ട്ടിയെ കെട്ടിപ്പെടുത്താന് കഷ്ടപ്പെട്ട എന്നെ പോലുള്ളവരെ ഇത്ര ലാഘവത്തോടെ പുറത്താക്കാന് കാണിച്ച അങ്ങയെ നന്ദി അറിയിക്കുന്നു. എന്റെ മക്കള് തിന്നേണ്ട ലക്ഷങ്ങള് അവരുടെ കൂടെ ചിലവഴിക്കേണ്ട സമയങ്ങള് എല്ലാം എന്റെ പാര്ട്ടിക്ക് വേണ്ടി ഞാന് നല്കിയിട്ടുണ്ട്. അതില് എനിക്ക് അഭിമാനം ഉണ്ട്. അന്നും ഇന്നും എന്നും ആരെയും ചതിച്ചിട്ടില്ല. ആരോടും ഒരു കളവും പറഞ്ഞിട്ടില്ല. അതിനാല് ഇരിക്കൂര് സര്വീസ് ബാങ്കില് നിന്നും കട്ടവര്ക്ക് കൂട്ട് നില്ക്കാന് എനിക്ക് താല്പര്യം ഇല്ല. കള്ളന്മാര് കള്ളന്മാര് മാത്രമാണ് ജനങ്ങളുടെ പണം കട്ടവരെ സംരക്ഷിക്കാന് എനിക്ക് കൂട്ടുനില്ക്കാന് ആവില്ല. ഇനി അതിന് തയ്യാറുമല്ല.
ഇനി എന്റെ കുടുംബത്തിന് വേണ്ടി ഞാന് ജീവിച്ചോള്ളാം. പക്ഷെ ഞാന് അഭിമാനത്തോടെ ആണ് ഈ പുറത്താക്കല് സ്വീകരിക്കുന്നത്. എന്തെന്നാല് ഇരിക്കൂരില് ഇപ്പോള് പാര്ട്ടി ശക്തമാണ്. അതിനുള്ള എല്ലാ ശ്രമവും ഞാന് എന്റെ കഴിവ് വെച്ച് ചെയ്തിട്ടുണ്ട്. അതിന് എന്റെ സുഹൃത്തുക്കള് കൂടെ നിന്നിട്ടുണ്ട്. 5ഓളം പാര്ട്ടി ഓഫീസുകള് പാര്ട്ടിക്ക് പ്രവര്ത്തിക്കാന് വിദ്യാര്ത്ഥി നേതാക്കള് അത് നല്ല മഹിളകള് എല്ലാം ഇപ്പോള് പാര്ട്ടിക്ക് ഉണ്ട്. അതിനുവേണ്ടി ഞാനും എന്നാല് കഴിയുന്നത് ചെയ്തിട്ടുണ്ട്. ഇപ്രാവശ്യം രണ്ട് സീറ്റ് ഉള്ളത് നാല് ആയി അഞ്ചാകുമായിരുന്നു. പക്ഷെ ചിലരുടെ വാശി അത് നാലാക്കി. അതിന്റെ പേരില് ഞാന് ബലിയാടുമായി. സാരമില്ല എനിക്ക് സന്തോഷമേ ഉള്ളൂ. ഇനി ഞാന് സ്വാതന്ത്രന് ആണല്ലോ. ഒന്നും ആഗ്രഹിച്ചിട്ടില്ല. പാര്ട്ടി എന്നോട് ആവശ്യപ്പെട്ടെങ്കില് ഞാന് രാജി തരുമായിരുന്നു. എന്നെ ഒരു ആവശ്യവുമില്ലാതെ ഇങ്ങനെ പുറത്താക്കി നാറ്റിക്കേണ്ടായിരുന്നു. എന്ന സങ്കടം ഉണ്ട്. എന്നാലും. ഞാന് പടിയിറങ്ങുന്നു. ഈ പാര്ട്ടിയില് നീതിമാന്മാര്ക്ക് സ്ഥാനമില്ല എന്ന് മനസ്സിലാക്കി തന്ന ബഹുമാനപ്പെട്ട ഡിസിസി പ്രസിഡന്റിന് നന്ദി. കാരണം ഇന്നുവരെ പാര്ട്ടിയുടെയോ അതിന്റെ പേരിലോ ഒരു ചായ പോലും കുടിച്ചിട്ടില്ല. കൂടാതെ എന്നെ ഈ ചതിക്കുഴിയില് വീഴ്ത്തി എന്നു സന്തോഷിക്കുന്നവര് അവരെ നമിക്കുന്നു.
Content Highlights- Four leders from kannur expelled from congress over rebal actions againt party