മേശപ്പുറത്ത് അവിലും മലരും; കൊല്ലത്ത് പൊലീസ് സ്റ്റേഷനില്‍ കയറി സിപിഐഎം പ്രാദേശിക നേതാവിന്‍റെ കൊലവിളി

ശനിയാഴ്ച കൗണ്‍സിലര്‍ സ്ഥാനം ഒഴിഞ്ഞ് നേരെ എത്തിയാണ് കൊലവിളി നടത്തിയത്

കൊല്ലം: പൊലീസ് സ്‌റ്റേഷനില്‍ കയറി കൊലവിളി നടത്തി സിപിഐഎം പ്രാദേശിക നേതാവ്. അവിലും മലരും മേശപ്പുറത്ത് വെച്ചാണ് കൊലവിളി നടത്തിയത്. എസ്‌ഐക്ക് നേരെയാണ് ഭീഷണി മുഴക്കിയത്. സംഭവത്തില്‍ സിപിഐഎം ഏരിയാ കമ്മിറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ സജീവിനും കൂട്ടര്‍ക്കുമെതിരെ കേസെടുത്തു.

കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇന്നലെ ഉച്ചയോടെയാണ് സംഘം സ്റ്റേഷനിലേക്ക് എത്തിയത്. ഇത്തവണ സജീവ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. ശനിയാഴ്ച കൗണ്‍സിലര്‍ സ്ഥാനം ഒഴിഞ്ഞ് നേരെ എത്തിയാണ് കൊലവിളി നടത്തിയത്. 'ജോലി കളയും, വെച്ചേക്കില്ല' എന്ന് പറഞ്ഞായിരുന്നു ഭീഷണി. ഇയാള്‍ എസ്‌ഐയെ കയ്യേറ്റം ചെയ്യാനും ഗ്രില്‍ അടക്കം അടിച്ച് തകര്‍ക്കാനും ശ്രമിച്ചു.

11 വകുപ്പുകള്‍ ചേര്‍ത്താണ് സജീവിനെതിരെ കേസെടുത്തത്. കണ്ടാല്‍ അറിയാവുന്ന പത്തോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 15 മിനിറ്റോളം ഈ സംഘം പൊലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തെരഞ്ഞെടുപ്പ് ദിവസം നടന്ന ആക്‌സിഡന്റ് കേസുമായി ബന്ധപ്പെട്ട് സജീവിന്റെ വാഹനം പിടിച്ചതാണ് പ്രകോപനത്തിന് കാരണം. സജീവിന്റെ വാഹനത്തിന് ഇന്‍ഷുറന്‍സില്ലാത്തതിനാല്‍ വിട്ടു തരില്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്. എന്നാല്‍ ഇതില്‍ പ്രകോപിതനായ സജീവ് പൊലീസ് സ്റ്റേഷനിലെത്തി കൊലവിളി നടത്തുകയായിരുന്നു.

Content Highlights: CPIM local leader threat to SI in Kollam

To advertise here,contact us