വയനാട്: പനമരം കൂളിവയല് ആദിവാസി ഉന്നതിയില് കോളറ പടര്ന്നു പിടിക്കുന്നതായി റിപ്പോര്ട്ട്. കോളറ ബാധിച്ച് ആദിവാസി വയോധികന് ചോമന് മരിച്ചു. ഉന്നതിയില് ഇതുവരെ 16 പേര്ക്കാണ് കോളറ സ്ഥിരീകരിച്ചത്. ഉന്നതിയിലുളളവര്ക്ക് ആവശ്യത്തിന് ശുചിമുറികളില്ല. 15 വീടുകളിലായി താമസിക്കുന്ന ഉന്നതി നിവാസികള്ക്ക് ആകെയുളളത് രണ്ട് ശുചിമുറികള് മാത്രമാണ്. വര്ഷങ്ങള്ക്ക് മുന്പ് നിര്മ്മിച്ച അഞ്ച് ശുചിമുറികളില് മൂന്നെണ്ണം ഉപയോഗശൂന്യമാണ്.
ഉന്നതിയിലെ കാനയില് നിന്ന് മലിനജലം പൊട്ടി ഒഴുകുന്നത് വീടുകള്ക്ക് മുന്നിലൂടെയാണ്. നിരവധി സ്ത്രീകള്ക്കും കുട്ടികള്ക്കും രോഗലക്ഷണങ്ങളുണ്ടെന്നാണ് ഉന്നതിയിലുളളവര് പറയുന്നത്. കോളറ വ്യാപനം തടയാന് നടപടിയുണ്ടാകണമെന്നാണ് ഉന്നതി നിവാസികളുടെ ആവശ്യം. ട്രൈബല്, ആരോഗ്യ വകുപ്പുകള് തങ്ങളെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും ഉന്നതി നിവാസികള് ആരോപിക്കുന്നു.
എന്താണ് കോളറ
മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ബാക്ടീരിയല് അണുബാധയാണ് കോളറ. ഇത് കഠിനമായ വയറിളക്കം, ഛര്ദി, അതിവേഗത്തിലുളള നിര്ജലീകരണം എന്നിവയ്ക്ക് കാരണമാകുന്നു. ശുചിത്വമില്ലാത്ത സ്ഥലങ്ങളിലാണ് കോളറ സാധാരണയായി പടരാന് സാധ്യത. വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണം. ഈ ബാക്ടീരിയ ചെറുകുടലില് വിഷവസ്തു ഉല്പ്പാദിപ്പിക്കുകയും അത് ശരീരത്തില് നിന്ന് വലിയ അളവില് വെളളം പുറത്തുപോകാനും കാരണമാകുന്നു.
Content Highlights: Cholera spreads in the tribal unnathi of Panamaram, Koolivayal, Wayanad