മുളക് അരച്ച് സ്വകാര്യ ഭാഗത്ത് പുരട്ടുമെന്ന് ഭീഷണി,നേരിട്ടത് കൊടും ക്രൂരത; പ്രതാപചന്ദ്രനെതിരെ യുവതിയുടെ പരാതി

ചെകിടത്ത് തല്ലി, ലാത്തികൊണ്ട് മുതുകിൽ അടിച്ചു, ബൂട്ട് കൊണ്ട് കാലിൽ ചവിട്ടിയെന്നും പരാതിക്കാരി

തിരുവനന്തപുരം: കൊച്ചിയിൽ ഗർഭിണിയെ മർദിച്ച സി ഐ പ്രതാപചന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തൽ. 2018ൽ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ ക്രൂരമായി മർദിച്ചുവെന്നാണ് ആരോപണം. ചെകിടത്ത് തല്ലുകയും ലാത്തികൊണ്ട് മുതുകിൽ അടിക്കുകയും ബൂട്ട് കൊണ്ട് കാലിൽ ചവിട്ടിയെന്നും പരാതിക്കാരി പറയുന്നു. പരാതി നൽകാൻ തുമ്പ പൊലീസ് സ്റ്റേഷനിൽ എത്തിയ യുവതിയെ അന്ന് അവിടത്തെ ഉദ്യോഗസ്ഥനായിരുന്ന പ്രതാപചന്ദ്രൻ മർദിക്കുകയായിരുന്നു.

2018 ആഗസ്റ്റ് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുമ്പ സ്റ്റേഷനിൽ പരാതി നൽകി രണ്ടു ദിവസം കഴിഞ്ഞ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പ്രതിയെ തിരിച്ചറിയാനാണ് വിളിപ്പിച്ചത്. എന്നാൽ തനിക്ക് അയാളെ വ്യക്തമായി തിരിച്ചറിയാൻ കഴിയില്ലെന്ന് പൊലീസുകാരെ അറിയിച്ചു. പരാതിയിലും വ്യക്തിയെ കൃത്യമായി അറിയില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ പ്രതാപചന്ദ്രൻ തന്റെ മുഖത്ത് അടിക്കുകയായിരുന്നു. ആണുങ്ങൾക്കെതിരെ കള്ളപരാതി നൽകുമോ എന്ന് ചോദിച്ചാണ് മർദിച്ചത്. ലാത്തികൊണ്ട് തല്ലി. രണ്ട് ദിവസം പൊലീസ് സ്റ്റേഷനിൽ തന്നെ തടഞ്ഞുവെച്ചെന്നും യുവതി പറയുന്നു.

ഇടുപ്പിൽ ലാത്തി കൊണ്ടു മർദിച്ചു. ബൂട്ട് ഉപയോഗിച്ച് രണ്ട് കാലുകളിലും ചവിട്ടി. മുളക് അരച്ച് സ്വകാര്യ ഭാഗത്ത് പുരട്ടുമെന്നും ഭീഷണിപ്പെടുത്തി. നൽകിയ പരാതി കള്ളപ്പരാതി ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. കുടിക്കാൻ വെള്ളം നൽകിയില്ല. ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. പ്രതാപചന്ദ്രനൊപ്പം വിനോദ്, കുമാരൻ എന്നീ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്നും യുവതി ആരോപിച്ചു.

നൽകിയത് കള്ളപ്പരാതി ആണെന്ന് ഭീഷണിപ്പെടുത്തി പറയിപ്പിച്ചു.അത് വീഡിയോ ആയി ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. യുവതിയെ പൊതു സമൂഹത്തിന് മുൻപിൽ കള്ളിയായി ചിത്രീകരിച്ചു. വീട്ടുജോലി ചെയ്തിരുന്ന യുവതിയ്ക്ക് ഇതിന് പിന്നാലെ ജോലി നഷ്ടമായി. മർദനത്തിന് പിന്നാലെ താൻ ഏഴ് ദിവസം ആശുപത്രിയിൽ ആയിരുന്നുവെന്നും യുവതി പറയുന്നു.

Content Highlights: women complaint against police officer Prathap Chandran

To advertise here,contact us