പ്രതിപക്ഷ പ്രതിഷേധങ്ങൾ വിഫലം; വിബിജി റാം ജി ബിൽ നിയമമായി, ഒപ്പുവെച്ച് രാഷ്ട്രപതി

പാർലമെന്റ് പാസാക്കിയതിന് മൂന്ന് ദിവസത്തിനുള്ളിലാണ് ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയത്

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎ) ക്ക് പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ബിൽ വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് ജീവിക മിഷൻ (ഗ്രാമീൺ) എന്ന വിബിജി റാം ജി ബിൽ നിയമമായി. പാർലമെന്റ് പാസാക്കിയതിന് മൂന്ന് ദിവസത്തിനുള്ളിലാണ് ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയത്. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ രാജ്യസഭയിലും ലോക്‌സഭയിലും പാസാക്കിയത്.

മഹാത്മാഗാന്ധി ഗ്രാമീണ ദേശിയ തൊഴിലുറപ്പ് പദ്ധതി എന്ന പേര് പൂർണമായും മാറ്റി വിബിജി റാം ജി എന്നാക്കി മാറ്റുന്നതാണ് പുതിയ നിയമം. ഗ്രാമീണ ജനതയുടെ സ്വയംപര്യാപ്തതയ്ക്കും ആത്മവിശ്വാസത്തിനുമായി രാഷ്ട്രപിതാവായ ഗാന്ധി കണ്ട സ്വപ്‌നങ്ങൾകൂടിയാണ് പദ്ധതിയുടെ മാറ്റത്തിലൂടെ ഇല്ലാതാകുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തൊഴിൽ ദിനം 100ൽ നിന്ന് 125 ആക്കി ഉയർത്തുന്നതാണ് പുതിയ നിയമം. എന്നാൽ ഇത്രയും ദിനങ്ങളിൽ തൊഴിൽ ഉറപ്പാക്കാനാകുമോ എന്നതും വേതനത്തിൽ കാലാടിസ്ഥാനത്തിലുള്ള വർധന ഇല്ല എന്നതും വിമർശനമായി ഉയരുന്നുണ്ട്. കാർഷിക സീസണിൽ 60 ദിവസം വരെ തൊഴിലുറപ്പുജോലി പാടില്ലെന്ന നിബന്ധന തൊഴിൽദിനങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്നതാണ് നിയമത്തിലെ മറ്റൊരു ആശങ്ക.

പദ്ധതിയെ പൂർണമായും കേന്ദ്രത്തിന് കീഴിലാക്കുമ്പോൾ തന്നെ വേതനത്തിലെ കേന്ദ്ര- സംസ്ഥാന അനുപാതവും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. കേന്ദ്രവും സംസ്ഥാനവും 60: 40 അനുപാതത്തിൽ ചെലവ് വഹിക്കണമെന്നാണ് പുതിയ നിയമത്തിലെ വ്യവസ്ഥ. ഇത് പദ്ധതിയുടെ നടപ്പുരീതികളെ തകിടം മറിക്കുന്നതും സംസ്ഥാനങ്ങൾക്ക്‌മേൽ അധിക ബാധ്യത അടിച്ചേൽപ്പിക്കുന്നതുമാണ്. എംജിഎൻആർഇജിഎ പ്രകാരം 75 ശതമാനം കേന്ദ്രമാണ് നൽകിയിരുന്നത്. കേന്ദ്രം ഉപാധികളോടെ സംസ്ഥാനങ്ങൾക്ക് ഫണ്ട് അനുവദിക്കുമ്പോൾ അതിലേറെ ചിലവുണ്ടായാൽ അത് പൂർണമായും സംസ്ഥാനം വഹിക്കേണ്ടിവരും. ജോലി പൂർത്തിയായി 15 ദിവസത്തിനുളളിൽ വേതനം നൽകണമെന്നാണ് ബില്ലിനെ നിർദേശം. സമയപരിധിക്കുളളിൽ വേതനം നൽകാത്ത പക്ഷം തൊഴിൽരഹിത വേതനത്തിനും ബില്ലിൽ വ്യവസ്ഥയുണ്ട്. വേതനം വൈകിയാൽ നഷ്ടപരിഹാരത്തിനും തൊഴിൽ ഇല്ലെങ്കിൽ അലവൻസിനുമുള്ള ചെലവ് പൂർണമായും സംസ്ഥാനങ്ങൾ വഹിക്കേണ്ടിവരുമെന്ന ആശങ്കയും ഇതോടൊപ്പം ഉയരുന്നുണ്ട്.

2005ലാണ് അന്നത്തെ യുപിഎ സർക്കാർ എംജിഎൻആർഇജിഎ പദ്ധതി ആരംഭിച്ചത്. ഇത് പ്രകാരം ഗ്രാമീണ മേഖലയിലെ തൊഴിലാളികൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പുനൽകുന്നുണ്ട്. ​ഗ്രാമീണ ജനതയുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ടായിരുന്നു അന്ന് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയെ അട്ടിമറിക്കുകയാണ് കേന്ദ്ര സർക്കാരെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. മോദി സർക്കാർ കൊണ്ടുവന്നത് കരിനിയമമാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പ്രതികരണം. ഗാന്ധിയുടെ പേര് വെട്ടിമാറ്റിയ കേന്ദ്രം വിഷയത്തെ രാഷ്ട്രീയമായാണ് കാണുന്നതെന്നും അവർ പറഞ്ഞിരുന്നു. പ്രിയങ്ക ഗാന്ധി, ശശി തരൂർ, കെ സി വേണനുഗോപാൽ അടക്കമുള്ള പ്രതിപക്ഷ നേതാക്കളും പുതിയ നിയമത്തിനെതിരെ പാർലമെന്‍റിൽ വിമർശമനമുന്നയിച്ചിരുന്നു.

Content Highlights: president given assent to VB G RAM G bill become law

To advertise here,contact us