തിരുവനന്തപുരം: വിദ്യാലയങ്ങളില് ക്രിസ്മസ് ആഘോഷങ്ങള് നിഷേധിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്കുട്ടി. ചില സ്കൂളുകള് ക്രിസ്മസ് ആഘോഷോഷം നടത്താന് കഴിയില്ലെന്ന നിലപാടെടുത്തിരുന്നെന്നും അത് അനുവദിക്കില്ലെന്നും സ്കൂളുകള് വര്ഗീയശാലകളാക്കാന് കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
'കുട്ടികളില് നിന്ന് വാങ്ങിയ പണം തിരികെ നല്കിയതായി ഞാന് അറിഞ്ഞിരുന്നു. ഓണവും പെരുന്നാളും ക്രിസ്മസുമെല്ലാം ഒരുപോലെ ആഘോഷിക്കപ്പെടേണ്ടതുണ്ട്. ഇത് കുട്ടികളുടെ മനസിനെ മുറിവേല്പ്പിക്കുന്ന ക്രൂരമായ നടപടിയാണ്. മതനിരപേക്ഷ ഉയര്ത്തിപ്പിടിക്കാന് എല്ലാ വിദ്യാലയങ്ങള്ക്കും ബാധ്യതയുണ്ട്. സങ്കുചിത രാഷ്ട്രീയ മത താല്പര്യം സ്വീകരിച്ചാല് കര്ശന നടപടിയുണ്ടാകും.' വി ശിവന്കുട്ടി പറഞ്ഞു
'സംഭവത്തില് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അടിയന്തരമായി അന്വേഷിക്കാന് നിര്ദേശം നല്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില് പോലും ക്രിസ്മസ് ആഘോഷിക്കരുത് എന്ന ആഹ്വാനം വരികയാണ്. ഇതൊന്നും കേരളത്തിന് പരിചിതമായ കാര്യങ്ങളല്ല. ജനങ്ങളും ഈ വിഷയം ഏറ്റെടുക്കുക. ഇതുമൂലം ഉണ്ടാകുന്ന വേര്തിരിവ് സംഘര്ഷങ്ങള്ക്കും കലാപങ്ങള്ക്കും വഴിവെക്കും. ആര്എസ്എസ് ആഘോഷിക്കുന്നതും അത് തന്നെയാണ്.' വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.
ഉത്തരവാദിത്വമുള്ള ഉത്സവം എന്നതാണ് ഇത്തവണത്തെ സ്കൂള് കലോത്സവത്തിന്റെ മുദ്രാവാക്യം. വേദിയിലെ വലിയ ശബ്ദ സംവിധാനം അവിടെ ഉള്ളവര്ക്ക് മാത്രം കേള്ക്കാന് കഴിയുന്ന തരത്തില് ക്രമീകരിക്കും. ഭക്ഷണം നാടന് തനത് രീതിയിലായിരിക്കും ഒരുക്കുക. അമിത മധുരവും എണ്ണയും ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അവധിക്കാലത്തെ ക്ലാസുകള് ഒഴിവാക്കണമെന്നും കുട്ടികള്ക്ക് ലഭിക്കുന്ന ആശ്വാസമാണ് അവധിക്കാലമെന്നും ശിവന്കുട്ടി പ്രതികരിച്ചു. അവധിക്കാലത്ത് ക്ലാസുകള് നടത്തുന്നതായി ധാരാളം പരാതികള് ലഭിക്കുന്നു. കുട്ടികള്ക്ക് മാനസിക ഉല്ലാസത്തിന് വേണ്ടിയുള്ളതാണ് അവധിക്കാലം. കുട്ടികള് വലിയ സമ്മര്ദം അനുഭവിക്കുന്നു. വി ശിവന്കുട്ടി കൂട്ടിച്ചേര്ത്തു.
അതേസമയം, തൃശൂര് മോഡലില് ബിജെപി വോട്ട് ചേര്ക്കാന് ശ്രമിക്കുന്ന മണ്ഡലങ്ങള് തിരുവനന്തപുരത്തുണ്ടെന്ന് ശിവന്കുട്ടി ആരോപിച്ചു. 'നേമം, വട്ടയൂര്ക്കാവ്, കഴക്കൂട്ടം, തിരുവന്തപുരം എന്നീ മണ്ഡലങ്ങളില് ജയിക്കുമെന്ന് അവര് ഉറപ്പ് പറഞ്ഞിരുന്നു. നേരത്തെ തന്നെ നേതാക്കള് ഇവിടെ വാടകയ്ക്ക് താമസിക്കാന് തുടങ്ങി. 12,000ത്തിലധികം ഫ്ളാറ്റുകള് ഈ മണ്ഡലത്തിലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തില് ഇടപെടണം. സുരേഷ് ഗോപി തൃശൂരില് വോട്ട് ചെയ്തത് അങ്ങനെ തന്നെയാണ്. ഇത് ജനാധിപത്യത്തില് നടന്ന കള്ളക്കളിയാണ്. ശിവന്കുട്ടി ചൂണ്ടിക്കാണിച്ചു.
Content Highlights; Minister V Sivankutty alleges fake votes against BJP