സത്യപ്രതിജ്ഞ ചടങ്ങിനിടെ മുദ്രാവാക്യം മുഴക്കിയ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു

കായംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കായംകുളം: കണ്ടല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ തെരഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെ മുദ്രാവാക്യം മുഴക്കിയ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. റിട്ട. പഞ്ചായത്ത് സെക്രട്ടറി കണ്ടല്ലൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് കൈതക്കാട്ടുശേരില്‍ കിഴക്കതില്‍ മനോഹരന്‍പിളള(58) ആണ് മരിച്ചത്.

ഇന്ന് രാവിലെ കണ്ടല്ലൂര്‍ ഗ്രാമ പഞ്ചായത്ത് സത്യപ്രതിജ്ഞ വേദിക്ക് സമീപം ചടങ്ങില്‍ പങ്കെടുത്ത് ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സിപിഐഎം പ്രവർത്തകനായിരുന്ന മനോഹരൻപിള്ള എസ്എഫ്ഐ ജില്ലാ ജോ. സെക്രട്ടറി, എസ്എഫ്ഐ കായംകുളം ഏരിയ പ്രസിഡന്റ, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ പഞ്ചായത്തുകളിൽ പഞ്ചായത്ത് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ശേഷം സർവീസിൽ നിന്ന് വിരമിച്ചു.

Content Highlight : LDF worker collapses and dies after shouting slogans during oath-taking ceremony

To advertise here,contact us