ധീരരക്തസാക്ഷികളുടെ നാമത്തിൽ ദൃഢപ്രതിജ്ഞ ചെയ്യുന്നുവെന്ന് LDF അംഗം;റദ്ദ് ചെയ്ത് വീണ്ടും സത്യപ്രതിജ്ഞ ചൊല്ലിച്ചു

ചാലക്കുടി നഗരസഭയിലെ അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ നിധിന്‍ പുല്ലനാണ് രക്തസാക്ഷികളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്

തൃശൂര്‍: രക്തസാക്ഷികളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത എല്‍ഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദ് ചെയ്ത് വീണ്ടും ചൊല്ലിച്ചു. ചാലക്കുടി നഗരസഭയിലെ അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ നിധിന്‍ പുല്ലനാണ് രക്തസാക്ഷികളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.

ഞായറാഴ്ച രാവിലെയായിരുന്നു നഗരസഭയുടെ പരിസരത്ത് തയ്യാറാക്കിയ പ്രത്യേക വേദിയില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. മുതിര്‍ന്ന അംഗമായ കെ ടി ജോണിക്ക് വരണാധികാരിയായ ചാലക്കുടി ഡിഎഫ്ഒ എം വെങ്കിടേശ്വരന്‍ ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കെ ടി ജോണി മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഒന്നാം വാര്‍ഡ് മുതല്‍ ക്രമത്തിലായിരുന്നു അംഗങ്ങള്‍ സത്യവാചകം ചൊല്ലിയത്. അഞ്ചാം വാര്‍ഡിലെ അംഗത്തിന്റെ അവസരമെത്തിയപ്പോള്‍ നിധിന്‍ പുല്ലന്‍ സത്യവാചകം ചൊല്ലാന്‍ കയറി. 'ധീരരക്തസാക്ഷികളുടെ നാമത്തില്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു' എന്നായിരുന്നു നിധിന്‍ പുല്ലന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പറഞ്ഞത്. ഇതോടെ വരണാധികാരി ഇടപെടുകയും സത്യപ്രതിജ്ഞ റദ്ദ് ചെയ്ത് വീണ്ടും ചൊല്ലിക്കുകയുമായികുന്നു.

ബലിദാനികളുടെ പേരില്‍ സത്യപ്രതിജ്ഞ സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പത്തനംതിട്ട കോയിപ്രം പഞ്ചായത്തിലാണ് സംഭവം. നാല്, അഞ്ച്, ഒന്‍പത്, പതിനൊന്ന്, പന്ത്രണ്ട് വാര്‍ഡുകളിലെ അംഗങ്ങള്‍ ബലിദാനികളുടെ പേരുകള്‍ പറഞ്ഞ് സത്യപ്രതിജ്ഞ ചൊല്ലിയതായാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പുല്ലാട് സ്വദേശിയായ സന്തോഷ് കുമാര്‍ കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ബലിദാനികള്‍ എന്ന് ചേര്‍ത്തത് ഭരണഘടനാ വിരുദ്ധമാണെന്നാണ് പരാതിയില്‍ പറയുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഒരംഗം ശരണം വിളിച്ച സംഭവവുമുണ്ടായി. കുന്നുകുഴി വാര്‍ഡിലെ യുഡിഎഫ് കൗണ്‍സിലറായ മേരി പുഷ്പമാണ് സത്യപ്രതിജ്ഞാ ചടങ്ങിനിടെ ശരണം വിളിച്ചത്. സ്വര്‍ണക്കൊള്ളയിലുള്ള പ്രതിഷേധമാണ് താന്‍ ഉയര്‍ത്തിയതെന്നായിരുന്നു മേരി പുഷ്പം ഇത് സംബന്ധിച്ച് പ്രതികരിച്ചത്.

കോർപ്പറേഷൻ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അവസാന സമയത്തേക്ക് കടക്കുമ്പോൾ ബിജെപി പ്രവർത്തകർ ഗണഗീതം പാടുകയും ചെയ്തു. കൗൺസിൽ ഹാളിന് സമീപത്തുനിന്നാണ് ബിജെപി പ്രവർത്തകർ ഗണഗീതം പാടിയത്. വര്‍ക്കല നഗരസഭയിലെ എല്‍ഡിഎഫ് കൗണ്‍സിലറായ അഖില ജി എസ് ജയ്ഹിന്ദ് വിളിച്ചാണ് അധികാരമേറ്റത്. ഇതിന് ശേഷം ഇവര്‍ കരയുകയും ചെയ്തു. അറിയാതെ പറഞ്ഞുപോയതെന്നായിരുന്നു അഖില പറഞ്ഞത്. രാജ്യസ്നേഹമുള്ള ആർക്കും ജയ്ഹിന്ദ് വിളിക്കാമെന്നായിരുന്നു എൽഡിഎഫ് നേതാക്കളുടെ പ്രതികരണം.

Content Highlights- LDF Councillor Nidhin pullan takes oath in the name of Martyr names

To advertise here,contact us