തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചുവരവിനൊരുങ്ങി എൽഡിഎഫ്. ഇടക്കാല ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ക്ഷേമപെൻഷൻ വർധന അടക്കമുള്ള കാര്യങ്ങളാണ് ആലോചനയിലുള്ളത്. സ്ഥാനാർത്ഥികളെ അതിവേഗത്തിൽ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിന് സജ്ജമാകാനാണ് ഇടതു ക്യാമ്പിന്റെ തീരുമാനം. രണ്ട് ടേം വ്യവസ്ഥ കർശനമാക്കില്ല.
മൂന്നാം ഭരണം ലക്ഷ്യമിടുന്ന എൽഡിഎഫിന് കടുത്ത തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത്. എന്നാൽ അതിനെ മറികടന്ന് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ക്ഷേമ ആനുകൂല്യങ്ങൾ മുറുകെ പിടിക്കാനാണ് മുന്നണിയുടെ നീക്കം. ജന പിന്തുണ തിരിച്ച് പിടിക്കാനായി പാർട്ടി തലത്തിലും സർക്കാർ തലത്തിലും ഇതിനായി കഠിനപരിശ്രമം നടത്തും. സർക്കാർതലത്തിൽ ക്ഷേമ പെൻഷൻ വർധനവിന് പുറമെ വൻകിട വികസന പദ്ധതികളുടെ പ്രഖ്യാപനങ്ങളുമുണ്ടായേക്കും. രണ്ട് ടേം വ്യവസ്ഥ ഒഴിവാക്കുന്നതിന് പുറമെ സ്ഥാനാർത്ഥികളെ നേരത്തെ തന്നെ തീരുമാനിച്ച് പ്രചാരണം കടുപ്പിക്കാനുമാണ് പാർട്ടി തലത്തിലെ പ്രധാന നീക്കം.
ശബരിമല സ്വർണ്ണക്കൊള്ള വിഷയം തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന കണക്കുകൂട്ടലിലാണ് ഇടത് മുന്നണി. അതിനാൽ തന്നെ കേസിലെ പ്രതിയും സിപിഐഎം നേതാവുമായ എ പത്മകുമാറിന് എതിരെ പാർട്ടി തലത്തിൽ നടപടി ഉടൻ ഉണ്ടാകും. വെള്ളാപ്പള്ളിയെ ചേർത്തു പിടിച്ചത് മുസ്ലിം ന്യൂനപക്ഷ വോട്ടുകളിൽ തിരിച്ചടിയുണ്ടാക്കിയെന്ന തിരിച്ചറിവിൽ സിപിഐഎം എത്തിയിട്ടുണ്ട്. അതിനാൽ തന്നെ വിദ്വേഷ പാരമർശങ്ങളിൾ വെള്ളാപ്പള്ളി നടേശനെ ചേർത്തുപിടിക്കുന്ന നിലപാടിൽനിന്ന് സിപിഐഎം പിന്നോട്ട് പോകും. മതസംഘടന നേതാക്കളെ നേരിൽ കണ്ട് സർക്കാരിനോട് അവർക്കുള്ള പ്രശ്നം എന്തെന്ന് ചോദിച്ച് പരിഹാരം കാണാനും നീക്കമുണ്ട്.
Content Highlights: After defeat in the local body elections, LDF preparing for comeback in the assembly elections