സരസമായ വാക്കുകളിലൂടെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ ബോധ്യപ്പെടുത്തിയ വ്യക്തി; വി ഡി സതീശന്‍

സാമൂഹ്യ വിമര്‍ശനത്തിന്റെ ശക്തമായ ശബ്ദമായിരുന്നു ശ്രീനിവാസന്‍ എന്നാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത്

കൊച്ചി: അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശ്രീനിവാസന്‍ കാലത്തിന് മുന്നേ നടന്ന വ്യക്തിയാണെന്നും അദ്ദേഹത്തെ കാണണം എന്നാഗ്രഹിച്ചിരിക്കുമ്പോഴാണ് മരണവാര്‍ത്ത എത്തിയതെന്നും വി ഡി സതീശന്‍ പറഞ്ഞു. സരസമായ വാക്കുകളിലൂടെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ് ശ്രീനിവാസനെന്നും മലയാളത്തിന് മറന്നുപോകാന്‍ കഴിയാത്ത ദേശീയ നിലവാരമുളള കലാകാരനാണ് അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

'ശ്രീനിവാസന്‍ അതുല്യ പ്രതിഭയാണ്. കാലത്തിന് മുന്നേ നടന്ന കലാകാരന്‍. ദേശീയ നിലവാരത്തില്‍ സിനിമകള്‍ എടുത്ത പ്രതിഭയാണ് അദ്ദേഹം. ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തിലും ഞാന്‍ ശ്രീനിവാസന്റെ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹത്തെ വീണ്ടും കാണണമെന്ന് ആഗ്രഹിച്ചപ്പോഴാണ് വിയോഗവാര്‍ത്ത അറിഞ്ഞത്', വി ഡി സതീശന്‍ പറഞ്ഞു.

ശ്രീനിവാസന്റെ വിയോഗം തീരാനഷ്ടമാണ് എന്നാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞത്. ഭാവനാസമ്പന്നമായ കഥാപാത്രങ്ങളെയാണ് ശ്രീനിവാസന്‍ അവതരിപ്പിച്ചതെന്നും കോണ്‍ഗ്രസിന്റെ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. ചിന്താവിഷ്ടയായ ശ്യാമള കാണുമ്പോള്‍ ഭാര്യ തന്നെ കളിയാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ വിമര്‍ശനത്തിന്റെ ശക്തമായ ശബ്ദമായിരുന്നു ശ്രീനിവാസന്‍ എന്നാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അനുശോചിച്ചു. മലയാള സിനിമയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ അതുല്യമാണെന്നും ഹാസ്യത്തിലൂടെയും യാഥാര്‍ത്ഥ്യബോധമുളള കഥകളിലൂടെയും സമൂഹത്തിന്റെ നന്മയും തെറ്റുകളും നിര്‍ഭയമായി അദ്ദേഹം അവതരിപ്പിച്ചുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സാധാരണ മനുഷ്യരുടെ ജീവിതസത്യങ്ങള്‍ സിനിമയിലൂടെ ശക്തമായി അവതരിപ്പിച്ച കലാകാരനായിരുന്നു ശ്രീനിവാസനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ശ്രീനിവാസന്‍റെ വിയോഗം. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല.

Content Highlights: VD Satheesan remembers Sreenivasan on his demise

To advertise here,contact us