മലയാള സിനിമയില് പകരം വയ്ക്കാനില്ലാത്ത അതുല്യപ്രതിഭ ശ്രീനിവാസന് യാത്രയാകുമ്പോള് വെറുമൊരു സിനിമാ പ്രവര്ത്തകനപ്പുറം മലയാള സിനിമാ പ്രേക്ഷകര്ക്ക് നര്മത്തിലൂടെ ജീവിത യാഥാര്ഥ്യങ്ങളെ വെള്ളിത്തിരയിലെത്തിച്ച ഒരു സാമൂഹ്യ നിരീക്ഷകനെയാണ് നഷ്ടമാകുന്നത്. ഹാസ്യ ചിത്രങ്ങള് കണ്ടിറങ്ങുന്ന പ്രേക്ഷകരെ ചിരിക്കുന്നതിലപ്പുറം ഗൗരവകരമായ ചിന്തകളിലേക്കും കൊണ്ടു പോകാന് ശ്രീനിവാസന് എന്ന അഭിനേതാവിനും തിരക്കഥാകൃത്തിനും സാധിച്ചു. ആവര്ത്തന വിരസതയില്ലാത്ത പ്രമേയങ്ങള് പ്രേക്ഷകര്ക്ക് മുന്നിലേക്കെത്തിക്കുന്നതില് വിജയിച്ച ശ്രീനിവാസന് മലയാള സിനിമയ്ക്ക് നല്കിയ വിടവ് നികത്താന് സാധിക്കാത്തതിനു തന്നെയാണ്.
ശ്രീനിവാസന് എന്ന സിനിമാക്കാരന്റെ സിനിമകളെല്ലാം ഓരോ കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകളായിരുന്നു. നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേല്പ്പ്, സന്ദേശം തുടങ്ങിയ സിനിമകള് ഇന്നും മലയാളി പ്രേക്ഷകരുടെ വര്ത്തമാനകാലഘട്ടത്തില് ചര്ച്ചാ വിഷയമാണ്. സന്ദേശത്തിലെ പ്രഭാകരന് കോട്ടപ്പള്ളി, നാടോടിക്കാറ്റിലെയും ചിന്താവിഷ്ടയായ ശ്യാമളയിലേയും വിജയന്, വടക്കുനോക്കിയന്ത്രത്തിലെ തളത്തില് ദിനേശന്, കഥ പറയുമ്പോളിലെ ബാലന്, പൊന്മുട്ടയിടുന്ന താറാവിലെ തട്ടാന് ഭാസ്കരന് തുടങ്ങിയ സാധാരണക്കാരന്റെ കണ്ണീരും പുഞ്ചിരിയും തമാശകളും സന്തോഷങ്ങളുമെല്ലാം ശ്രീനിവാസന് സ്ക്രീനിലെത്തിച്ചു.
ശ്രീനിവാസന് എന്ന കലാകാരന് ചെയ്ത സിനിമകള് ജനപ്രിയ സിനിമകളായതിനൊപ്പം നിരൂപ പ്രശംസക്കും അര്ഹമായി. 1989 ല് പുറത്തിറങ്ങിയ ശ്രീനിവാസന് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത വടക്കു നോക്കി യന്ത്രം എന്ന ചിത്രത്തിനാണ് അദ്ദേഹത്തെ തേടിയുള്ള ആദ്യ പുരസ്കാരം എത്തുന്നത്. ആ വര്ഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്ഡ് വടക്കുനോക്കി യന്ത്രത്തിനു ലഭിച്ചു. ഒരു സാധാരണക്കാരന് ജീവിതത്തിലുണ്ടാകുന്ന അപകര്ഷതാബോധത്തെ പ്രേക്ഷകരിലേക്കെത്തിച്ച ഈ ചിത്രത്തിന് അതേവര്ഷം തന്നെ മികച്ച കഥയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന് പുരസ്കാരവും ലഭിച്ചു.
ശ്രീനിവാസന്റെ കഥയിലും തിരക്കഥയിലും ഒരുങ്ങിയ ചിത്രമായിരുന്നു 1991ല് പുറത്തിറങ്ങിയ 'സന്ദേശം'. ആ വര്ഷത്തെ മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്ഡ് ഈ ചിത്രത്തിന് ലഭിച്ചു. 'വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമ ദൃഷ്ട്യാ അകല്ച്ചയിലായിരുന്നെങ്കിലും അവര്ക്കിടയിലുള്ള അന്തര്ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്' ഈ ഡയലോഗ് തുടങ്ങി ആ സിനിമയിലെ പല ഡയലോഗുകളും പറയാത്തതും കേള്ക്കാത്തതുമായ മലയാളികള് വിരളമായിരിക്കും.
ശ്രീനിവാസന്റെ തിരക്കഥയിലും സംവിധാനത്തിലും എത്തിയ ചിത്രമായിരുന്നു 1998ല് പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള. ആ വര്ഷത്തെ സാമൂഹ്യ വിഷയങ്ങളെ കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് ചിന്താവിഷ്ടയായ ശ്യാമളക്ക് ലഭിച്ചു. ഉത്തരവാദിത്തബോധത്തില് നിന്ന് ഓടിയൊളിച്ച് ആത്മീയതയുടെ വ്യാജവേഷം കെട്ടി നടക്കുന്ന ഒരു കുടംബനാഥനെ ഹാസ്യത്തോടെ ആ ചിത്രത്തില് അവതരിപ്പിച്ച ശ്രീനിവാസന് മലയാളി മനസുകളില് മികച്ച നടന്മാരിലും ഒരാളായി മാറി.
1995ല് പുറത്തിറങ്ങിയ മമ്മൂട്ടി നായകനായി എത്തിയ ചിത്രം മഴയെത്തും മുന്പേയിലൂടെ ആ വര്ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള അംഗീകാരം ശ്രീനിവാസനെ തേടിയെത്തി. 2006ല് തകരച്ചെണ്ട എന്ന ചിത്രത്തിന് ജൂറിയുടെ പ്രത്യേക അവാര്ഡും( കേരള സംസ്ഥാന പുരസ്കാരം) ശ്രീനിവാസനെ തേടിയെത്തിയിരുന്നു.
പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയെടുത്ത സിനിമാക്കാരുടെ മുന്പന്തിയില് എന്നും ശ്രീനിവാസനുണ്ടാകും. ക്യാമറയ്ക്ക് മുന്പിലും പുറകിലും നിന്നുകൊണ്ട് അതിമനോഹരമായ ചിത്രങ്ങള് മലയാള സിനിമയ്ക്ക് സമ്മാനിച്ച ശ്രീനിവാസന് വിട പറയുമ്പോള് കാലങ്ങളെ അതിജീവിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ബാക്കിയാകുന്നത്.
Content Highlights: Sreenivasan awards from malayala cinema