ശബരിമല സ്വര്‍ണക്കടത്ത് കേസ്; സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വേര്‍തിരിച്ചത് ഒരു കിലോയ്ക്കടുത്ത് സ്വര്‍ണം

സ്മാര്‍ട്ട് ക്രിയേഷന്‍സ് പണിക്കൂലിയായി എടുത്തത് 96 ഗ്രാം സ്വര്‍ണം

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വേര്‍തിരിച്ചത് ഒരു കിലോയ്ക്കടുത്ത് സ്വര്‍ണം. 14 പാളികളില്‍ നിന്ന് 577 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചു. സൈഡ് പാളികളില്‍ നിന്ന് വേര്‍തിരിച്ചത് 409 ഗ്രാം സ്വര്‍ണമാണ്. വേര്‍തിരിച്ച സ്വര്‍ണം ഏറ്റുവാങ്ങിയത് കല്‍പ്പേഷ് ആണെന്നാണ് കണ്ടെത്തല്‍. ഗോവര്‍ധനെ ഏല്‍പ്പിച്ചത് 474 ഗ്രാം സ്വര്‍ണം. സ്മാര്‍ട്ട് ക്രിയേഷന്‍സ് പണിക്കൂലിയായി എടുത്തത് 96 ഗ്രാം സ്വര്‍ണം. രേഖകളടക്കം എസ്‌ഐടി പിടിച്ചെടുത്തു. കൂടുതല്‍ സ്വര്‍ണമുണ്ടോ എന്നതില്‍ അന്വേഷണം നടത്തും. കല്‍പ്പേഷിനെയും പ്രതിചേര്‍ക്കുമെന്നാണ് വിവരം.

ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ എസ്‌ഐടി ഇന്നലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനെയും അറസ്റ്റ് ചെയ്തിരുന്നു. ഇരുവരുടെയും പങ്ക് തെളിഞ്ഞതോടെയാണ് അറസ്റ്റ് ചെയ്തത്. ശബരിമലയിലെ സ്വര്‍ണം ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൈമാറിയത് സ്മാര്‍ട്ട് ക്രിയേഷന്‍സിനായിരുന്നു. ശില്‍പ്പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയാണ്. സ്വര്‍ണക്കൊള്ളയില്‍ ഇരുവര്‍ക്കും കൃത്യമായ പങ്കുണ്ടെന്ന് തെളിവുകളോടെ എസ്‌ഐടിക്ക് ബോധ്യമായതിന് പിന്നാലെയാണ് അറസ്റ്റ്.

സ്വര്‍ണപ്പാളികള്‍ വേര്‍തിരിച്ചെടുക്കുന്നതിന് പങ്കജ് ഭണ്ഡാരി എല്ലാ വിധ പിന്തുണ നല്‍കിയതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഗോവര്‍ധനാണ് ഈ സ്വര്‍ണം സൂക്ഷിച്ചത്. ശബരിമലയിലെ സ്വര്‍ണമാണ് ഇതെന്ന ബോധ്യത്തോടെയാണ് ഗോവര്‍ധന്‍ സ്വര്‍ണം സൂക്ഷിച്ചതെന്ന തെളിവുകളും എസ്‌ഐടിക്ക് ലഭിച്ചിരുന്നു. പങ്കജ് ഭണ്ഡാരി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒന്നിലധികം തവണ ഇടപെടല്‍ നടത്തി. അന്വേഷണം വഴിതിരിച്ചുവിടാന്‍ ഇയാള്‍ വൈരുദ്ധ്യമുള്ള മൊഴികള്‍ നല്‍കി. സ്മാര്‍ട്ട് ക്രിയേഷനില്‍ സ്വര്‍ണത്തിന്റെ അളവടക്കം രേഖപ്പെടുത്തിയ രേഖകള്‍ പങ്കജ് ഭണ്ഡാരി നശിപ്പിച്ചെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു.

Content Highlights: Sabarimala gold theft case; About 1 kg of gold was extracted from Smart Creations

To advertise here,contact us