'ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി, നഷ്ടമായത് കുടുംബത്തിൽ ഒരാളെ';ശ്രീനിവാസന് അനുശോചനവുമായി സിനിമാ ലോകം

വര്‍ത്തമാനത്തിലോ പെരുമാറ്റത്തിലോ അഭിനയത്തിലോ ഇന്നേവരെ നാടകീയതയില്ലാതെ പെരുമാറുന്ന കലാകാരനെ കണ്ടിട്ടില്ലെന്ന് മല്ലികാ സുകുമാരന്‍

കൊച്ചി: അന്തരിച്ച ശ്രീനിവാസന് അനുശോചനം അറിയിച്ച് സിനിമാ ലോകം. എക്കാലത്തെയും മികച്ച എഴുത്തുകാരില്‍, സംവിധായകരില്‍, നടന്മാരില്‍ ഒരാള്‍ക്ക് വിടയെന്ന് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദിയെന്നും പൃഥ്വിരാജ് കുറിച്ചു. തന്റെ ബാല്യകാല സിനിമാ ഓര്‍മ്മകളുടെ ഭാഗമാണ് ശ്രീനിവാസനെന്ന് ഇന്ദ്രജിത്ത് സുകുമാരനും കുറിച്ചു. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞു. എല്ലാ ചിരികള്‍ക്കും വിനോദങ്ങള്‍ക്കും നന്ദി എന്ന് കുറിച്ച ഇന്ദ്രജിത്ത് ശ്രീനിവാസനെ മിസ് ചെയ്യുമെന്നും കുറിച്ചു.

കുടുംബത്തില്‍ നിന്ന് ഒരാള്‍ നഷ്ടമായ വേദനയാണ് അനുഭവപ്പെടുന്നതെന്ന് മല്ലികാ സുകുമാരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വര്‍ത്തമാനത്തിലോ പെരുമാറ്റത്തിലോ അഭിനയത്തിലോ ഇന്നേവരെ നാടകീയതയില്ലാതെ പെരുമാറുന്ന കലാകാരനെ കണ്ടിട്ടില്ല. ജീവിതത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിനറിയില്ല. സത്യസന്ധതയ്ക്കാണ് വിലകല്‍പ്പിച്ചിരുന്നത്. അദ്ദേഹത്തിന് ആരെയും സുഖിപ്പിച്ച് സംസാരിക്കാനറിയില്ല. മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് ആ വിയോഗമെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് ശ്രീനിവാസന്‍ അന്തരിച്ചത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല.

48 വര്‍ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 200ലേറെ സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചു. 1956 ഏപ്രില്‍ 26ന് കണ്ണൂരിലെ പാട്യത്ത് ജനിച്ച ശ്രീനിവാസന്‍ കൂത്തുപറമ്പ് മിഡില്‍ സ്‌കൂള്‍, കതിരൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടി.

Content Highlights: Prithviraj Indrajith Mallika Sukumaran condolences Sreenivasan

To advertise here,contact us