തിരുവനന്തപുരം: മുസ്ലിം സമുദായത്തിന്റെ അവകാശങ്ങള് നേടിയെടുക്കാന് സമസ്തയ്ക്ക് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അന്ധവിശ്വാസങ്ങള്ക്കും അനാചാരങ്ങള്ക്കുമെതിരെ സമസ്ത പ്രവര്ത്തിച്ചുവെന്നും മതനിരപേക്ഷ പാരമ്പര്യമാണ് സമസ്തയ്ക്കെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ ശതാബ്ദി സന്ദേശ യാത്രയുടെ തിരുവനന്തപുരത്തെ സ്വീകരണം ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നുണ നല്ല രീതിയില് പ്രചരിപ്പിക്കുന്നവരാണ് വര്ഗീയ വാദികള്. നുണ പ്രചാരണത്തിന് പ്രൊഫഷണലുകളെ സൃഷ്ടിക്കുകയാണവര്. വര്ഗീയ വാദികള്ക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ഇടതുപക്ഷം നടത്തുന്നുണ്ട്. ന്യൂനപക്ഷങ്ങള്ക്ക് വിദ്യാഭ്യാസ മുന്നേറ്റത്തിന് ഇടതുപക്ഷം ശക്തി പകര്ന്നു. ഇടതുപക്ഷ സര്ക്കാരിന്റെ കാലത്താണ് മലപ്പുറം ജില്ല രൂപീകരിച്ചത്. കാലിക്കറ്റ് സര്വകലാശാല കൊണ്ടുവന്നതും ഇടതുപക്ഷമാണെന്ന് പിണറായി വിജയന് പറഞ്ഞു.
ഇടതുപക്ഷ സര്ക്കാരിന്റെ നിരവധി പദ്ധതികള് ന്യൂനപക്ഷങ്ങള്ക്ക് ഗുണകരമായിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ സവിശേഷതയോടെ എല്ലാകാലത്തും ഇടതുപക്ഷം കണ്ടിട്ടുണ്ട്. അത് തെരഞ്ഞെടുപ്പ് ഫലം വെച്ച് അളക്കാവുന്നതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.
നീതി പൂര്വ്വമായ കാര്യങ്ങള് മാത്രമേ സമസ്ത ആവശ്യപ്പെടാറുള്ളൂവെന്നും ഇരു സര്ക്കാരുകളും അത് ചെയ്തിട്ടുണ്ടെന്നും സമസ്ത അധ്യക്ഷന് ജിഫ്രി മുത്തുക്കോയ തങ്ങള് പറഞ്ഞു. രാഷ്ട്രീയ കക്ഷികളോടുള്ള സൗഹൃദം നിലനിര്ത്തും. സത്യത്തിന്റെ കൂടെ സമസ്ത നില്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Content Highlights: pinarayi vijayan says Samastha has been able to secure the rights of the Muslim community