വാളയാറിലെ ആള്‍കൂട്ടക്കൊലപാതകം; അന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്

കേസില്‍ ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായത്

പാലക്കാട്: വാളയാറിലെ ആള്‍കൂട്ടക്കൊലപാതകതിന്റെ അന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്. സംഭവം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. കേസില്‍ ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായത്.

ഡിസംബര്‍ 18-നാണ് ഛത്തീസ്ഗഢ് സ്വദേശി രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരുസംഘം മര്‍ദ്ദിച്ചത്. എന്നാല്‍ കയ്യില്‍ മോഷണവസ്തുക്കളൊന്നും ഉണ്ടായിരുന്നില്ല. 'നീ ബംഗ്ലാദേശി ആണോടാ' എന്നടക്കം ചോദിച്ചായിരുന്നു മര്‍ദ്ദനം. സംസാരിക്കാന്‍ ശ്രമിക്കുമ്പോളെല്ലാം രാമിന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. വാളയാര്‍ അട്ടപ്പള്ളത്തുവെച്ച് വൈകിട്ട് ആറോടെയാണ് രാമിന് മര്‍ദ്ദനമേല്‍ക്കേണ്ടിവന്നത്. അവശനിലയില്‍ രാം നാരായണനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

രാമിന് ക്രൂരമര്‍ദ്ദനമേല്‍ക്കേണ്ടിവന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രാം നാരായണന്റെ തലയിലും ശരീരത്തിലും ഏറ്റ പരിക്കാണ് മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

രാമിന്റെ തല മുതല്‍ കാല്‍ വരെ നാല്‍പ്പതോളം മുറിവുകളാണ് ഉണ്ടായിരുന്നത്. മര്‍ദിച്ചവര്‍ രാമിന്റെ പുറം മുഴുവന്‍ വടി കൊണ്ട് അടിച്ചുപൊളിച്ചിരുന്നു. ഇത് കൂടാതെ ചവിട്ടിയതിന്റെയും നിലത്തിട്ട് വലിച്ചതിന്റെയും അടയാളങ്ങളും ശരീരത്തിലാകമാനമുണ്ട്. തലയില്‍ രക്തസ്രാവം ഉണ്ടായി എന്നും പോസ്റ്റ്മോര്‍ട്ടത്തിന് മുന്‍പായി എടുത്ത എക്‌സ്‌റേ ഫലത്തിലുണ്ടായിരുന്നു.

Content Highlights: District Crime Branch takes over investigation into Walayar massacre

To advertise here,contact us