ഏത് കാലത്തും പുനർവായിക്കപ്പെടേണ്ട എഴുത്തും ചിന്തയും, പറയാനെന്തോ ബാക്കിവെച്ച് ശ്രീനിവാസൻ മടങ്ങി; ബി ഉണ്ണികൃഷ്ണൻ

'80, 90 കാലഘട്ടത്തിലെ മലയാള സിനിമയുടെ ഭാവുകത്തെ തന്നെ മാറ്റിമറിച്ച സംവിധായകനും എഴുത്തുകാരനുമായിരുന്നു ശ്രീനിവാസൻ'

കൊച്ചി: ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി തിരക്കഥാകൃത്തും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍. ശ്രീനിവാസനെക്കുറിച്ച് ചുരുക്കം വാക്കുകളില്‍ പറയുക സാധ്യമല്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 80, 90 കാലഘട്ടത്തിലെ മലയാള സിനിമയുടെ ഭാവുകത്തെ തന്നെ മാറ്റിമറിച്ച സംവിധായകനും എഴുത്തുകാരനുമായിരുന്നു ശ്രീനിവാസനെന്നും വിയോഗം ഒരു കാലഘട്ടത്തിന്റെ നഷ്ടമാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

'ഏത് കാലത്തും പുനര്‍വായിക്കപ്പെടേണ്ട എഴുത്തുകളും ആവിഷ്‌കാരങ്ങളുമായിരുന്നു ശ്രീനിവാസന്റേത്. അഭിനയത്തിലും അദ്ദേഹം കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങള്‍ ഇനിയുള്ള കാലം ചര്‍ച്ച ചെയ്യപ്പെടും. മലയാള സിനിമയിലെ ഏറ്റവും ദീപ്തമായ കാലഘട്ടമാണ് ഇതോടെ അവസാനിക്കുന്നത്.' ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

'അദ്ദേഹം ഒരിക്കല്‍ പറഞ്ഞ വാക്കുകളാണ് ഈ അവസരത്തില്‍ ഓര്‍മ്മ വരുന്നത്. ഞാന്‍ വേണ്ടെന്ന് വച്ച 500ലധികം സിനിമകളാണ് മലയാള സിനിമയ്ക്കുള്ള എന്റെ സംഭാവന എന്നായിരുന്നു ആ വാക്കുകള്‍. എനിക്ക് തോന്നുന്നു അദ്ദേഹം ചെയ്യാതെ പോയ സിനിമകളാണ് നമ്മുടെ തീരാനഷ്ടം. കുറെ അധികം നാളുകളായി അദ്ദേഹത്തിന്റെ അനാരോഗ്യം നമ്മെ വിഷമിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ ഇടയക്ക് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഇനിയും സിനിമകളെഴുതാന്‍ അദ്ദേഹത്തിന്റെ തൂലികയില്‍ മഷി ബാക്കിയുണ്ടായിരുന്നു. പക്ഷെ അനാരോഗ്യം അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. ശ്രീനിവാസന്‍ പറയാനെന്തോ ബാക്കിവെച്ചാണ് മടങ്ങിയത്.' ബി ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ ഡയാലിസിനായി കൊണ്ടുപോകവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു ശ്രീനിവാസനെ. രാവിലെ 8.30 ഓടെയാണ് അന്ത്യം. 48 വര്‍ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 200ലേറെ സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചിട്ടുണ്ട്. 69 വയസ്സായിരുന്നു.

മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടിയ ശ്രീനിവാസൻ തുടക്ക കാലത്ത് ഡബ്ബിം​ഗ് ആർ‌ട്ടിസ്റ്റെന്ന് നിലയിലും പ്രവർത്തിച്ചിരുന്നു. സിനിമാ പഠനകാലത്ത് രജനികാന്ത് ശ്രീനിവാസൻ്റെ സഹപാഠിയായിരുന്നു. 48 വർ‌ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. 1977ൽ പി എ ബക്കര്‌ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ൽ 'ഓടരുത് അമ്മാവാ ആളറിയാം' എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിയിൽ ശ്രീനിവാസൻ വരവറിയിച്ചു. സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത് ശ്രീനിവാസൻ തിരക്കഥകളൊരുക്കിയപ്പോൾ മലയാളിക്ക് ഹാസ്യത്തിൻ്റെയും ആക്ഷേപഹാസ്യത്തിൻ്റെയും നവ്യാനുഭവങ്ങൾ കൂടിയാണ് സ്വന്തമായത്.

Content Highlight; B Unnikrishnan has reacted to the death of Sreenivasan

To advertise here,contact us