രാജീവ് ചന്ദ്രശേഖറിന് നേമം, വി മുരളീധരന് കഴക്കൂട്ടം;ആഗ്രഹങ്ങള്‍ സ്വന്തംനിലക്ക് പ്രകടിപ്പിച്ച് ബിജെപി നേതാക്കള്‍

സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ബിജെപി അക്കൗണ്ട് തുറന്ന നേമത്ത് ഇത്തവണ താന്‍ മത്സരിക്കുമെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചത്.

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്താണ് താന്‍ മത്സരിക്കുക എന്ന് പ്രഖ്യാപിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പിന്നാലെ പിന്നാലെ തന്റെ ആഗ്രഹം പ്രകടിപ്പിച്ച് വി മുരളീധരന്‍. തെരഞ്ഞെടുപ്പില്‍ തനിക്ക് കഴക്കൂട്ടത്ത് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് വി മുരളീധരന്‍ പറഞ്ഞത്. തീരുമാനിക്കേണ്ടത് പാര്‍ട്ടി കേന്ദ്രനേതൃത്വമാണെന്നും കുറെക്കാലമായി പ്രവര്‍ത്തിക്കുന്നത് കഴക്കൂട്ടത്താണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ബിജെപി അക്കൗണ്ട് തുറന്ന നേമത്ത് ഇത്തവണ താന്‍ മത്സരിക്കുമെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചത്. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കും മുന്‍പാണ് രാജീവ് ചന്ദ്രശേഖര്‍ സ്വന്തം നിലക്ക് പ്രഖ്യാപനം നടത്തിയത്.

തെരഞ്ഞെടുപ്പ് തോറ്റപ്പോഴാണോ എല്‍ഡിഎഫ് സര്‍ക്കാരിന് ഭക്തരുടെ വികാരം മനസ്സിലായതെന്ന് വി മുരളീധരന്‍ ചോദിച്ചു. ശബരിമല ഭക്തരുടെ വികാരം ഏറ്റവുമധികം വ്രണപ്പെടുത്തിയത് പിണറായി സര്‍ക്കാരാണ്. ആചാരലംഘനത്തിന് കൂട്ടുനിന്നവര്‍ പാരഡിഗാനത്തിന്റെ പേരില്‍ വിശ്വാസസംരക്ഷണമെന്ന് പറഞ്ഞ് ഇറങ്ങുന്നത് പരിഹാസ്യമാണെന്നും വി മുരളീധരന്‍ പറഞ്ഞു.

വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ച സിനിമകള്‍ ഐഎഫ്എഫ്‌കെ വേദിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന നിലപാട് രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെന്നും മുരളീധരന്‍ പറഞ്ഞു.

To advertise here,contact us