'എലപ്പുള്ളിയില്‍ തങ്ങളുടെ തോല്‍വിക്ക് വഴിവെച്ചത് മദ്യക്കമ്പനി നേതൃത്വം നല്‍കിയ 'സിജെപി' മുന്നണി പ്രവര്‍ത്തനം'

എലപ്പുള്ളി പഞ്ചായത്തില്‍ ബ്രുവറി അനുവദിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് വന്നത് മദ്യ കമ്പനിക്കെതിരെ യുഡിഎഫ് ആരോപണം ഉന്നയിക്കുന്നതിനിടെ.

പാലക്കാട്: എലപ്പുള്ളി പഞ്ചായത്തില്‍ ബ്രുവറി അനുവദിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് വന്നത് മദ്യ കമ്പനിക്കെതിരെ യുഡിഎഫ് ആരോപണം ഉന്നയിക്കുന്നതിനിടെ. എലപ്പുള്ളി പഞ്ചായത്തിലും പുതുശ്ശേരി പഞ്ചായത്തിലും കോണ്‍ഗ്രസിന്റെ തോല്‍വിക്ക് വഴിവെച്ചത് മദ്യകമ്പനി നേതൃത്വം നല്‍കിയ 'സിജെപി' മുന്നണിയുടെ പ്രവര്‍ത്തനം കൊണ്ടാണെന്നാണ് യുഡിഎഫ് ആരോപണം.

കോണ്‍ഗ്രസിന് വലിയ മുന്നേറ്റമുള്ള വാര്‍ഡുകളില്‍ ബിജെപി സിപിഐഎമ്മിന് വോട്ട് മറിച്ചു. യുഡിഎഫിനെ തോല്‍പ്പിക്കാന്‍ മദ്യകമ്പനി വലിയതോതില്‍ പണമൊഴുക്കിയെന്നും യുഡിഎഫ് കോര്‍ കമ്മിറ്റി യോഗം ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് മദ്യക്കമ്പനിക്കെതിരെയും സിപിഐഎം, ബിജെപി പാര്‍ട്ടികള്‍ക്കെതിരെയും ആരോപണം ഉന്നയിച്ചത്.

സംസ്ഥാനത്ത് ഒട്ടാകെ യുഡിഎഫ് തരംഗമുണ്ടായ തെരഞ്ഞെടുപ്പില്‍ നിലവില്‍ ഭരണമുണ്ടായിരുന്ന എലപ്പുള്ളിയിലടക്കം കോണ്‍ഗ്രസിന് അനുകൂല തരംഗമുണ്ടാകേണ്ടതാണ്. ജനകീയ പ്രശ്‌നമെന്ന നിലയില്‍ എലപ്പുള്ളിയിലും പുതുശ്ശേരിയിലും ബ്രൂവറിക്കെതിരെ സമരം നയിച്ചത് കോണ്‍ഗ്രസാണ്. എന്നിട്ടും വലിയ രീതിയില്‍ വോട്ടുചോര്‍ച്ചയുണ്ടായി. ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട്. ബിജെപി വോട്ടുകള്‍ വലിയ തോതില്‍ സിപിഐഎമ്മിലേക്ക് പോയെന്നും ഡിസിസി ജനറല്‍ സെക്രട്ടറി എസ് കെ അനന്തകൃഷ്ണന്‍ പറഞ്ഞു.

യുഡിഎഫ് ഭരണത്തിലേറിയാല്‍ ബ്രൂവറിക്ക് അനുമതി നല്‍കില്ലെന്ന് പ്രകടന പ്രതികയിലടക്കം പ്രഖ്യാപിച്ചതാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കമ്പനി പ്രവര്‍ത്തിപ്പിക്കാനാവില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അതിനാല്‍ മദ്യകമ്പനി സ്ഥലം കണ്ടെത്തിയിട്ടുള്ള എലപ്പുള്ളിയിലും വെള്ളത്തിനായി ആശ്രയിച്ച പുതുശ്ശേരിയിലും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കമ്പനി പണമൊഴുക്കി. പലയിടത്തും ബിജെപിയുടെ വോട്ട് കുറഞ്ഞത് ഇതിന്റെ ഫലമാണെന്നും അനന്തകൃഷ്ണന്‍ പറഞ്ഞു.

To advertise here,contact us