പട്ന: കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി തിരഞ്ഞെടുപ്പിൽ വിജയിച്ചത് കൃത്രിമം കാണിച്ചാണെന്ന ആരോപണവുമായി ആർജെഡി. 2020ലെ തിരഞ്ഞെടുപ്പിൽ അന്നത്തെ ജില്ലാ മജിസ്ട്രേറ്റിന്റെ ശ്രമഫലമായി താൻ വിജയിച്ചുവെന്ന് ജിതിൻ റാം മാഞ്ചി സമ്മതിച്ചതായി പറയപ്പെടുന്ന ഒരു വീഡിയോ പങ്കുവെച്ചാണ് ആർജെഡിയുടെ ആരോപണം. ബീഹാർ മുൻ മുഖ്യമന്ത്രി സമ്മതിച്ചതായി പറയപ്പെടുന്ന ഒരു വീഡിയോ അദ്ദേഹം പങ്കുവെച്ചു. തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർ വീഡിയോയിൽ കൃത്രിമം കാണിച്ചതായി അവകാശപ്പെട്ടു കൊണ്ട് ആരോപണങ്ങൾ നിഷേധിച്ച് മാഞ്ചി രംഗത്ത് വന്നിട്ടുണ്ട്.
2020 ൽ ഗയയിലെ തിക്രി സീറ്റിൽ 2,700 വോട്ടുകൾക്ക് പിന്നിലായെന്നും എന്നാൽ ഇപ്പോൾ ത്രിപുരയിൽ നിയമിതനായ അന്നത്തെ ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് സിംഗിന്റെ സഹായത്തോടെയാണ് വിജയിച്ചെന്നുമാണ് മാഞ്ചി വെളിപ്പെടുത്തുന്നതായി പറയപ്പെടുന്ന വീഡിയോയിലുള്ളത്. ഇത്തവണ 1,600 വോട്ടുകൾക്ക് സീറ്റ് നഷ്ടപ്പെട്ടു, എന്താണ് തെറ്റ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ ഉദ്യോഗസ്ഥൻ വിളിച്ചതായും മാഘി ഭാഷയിലുള്ള സംഭാഷണത്തിലുണ്ട്.
തെരഞ്ഞെടുപ്പ് കൃത്രിമത്വവും അഴിമതി യന്ത്രങ്ങളുമാണ് കേന്ദ്രമന്ത്രി തുറന്നുകാട്ടിയതെന്ന് മാഞ്ചിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ലക്ഷ്യം വെച്ച് ആർജെഡി ആരോപിച്ചു. ആരോപണ വിധേയനായ അന്നത്തെ ജില്ലാ മജിസ്ട്രേറ്റ് ത്രിപുര കേഡറിൽ നിന്നുള്ള അഴിമതിക്കാരനായ, ജാതിവാദിയായ, അനർഹനായ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം ബിഹാറിൽ ഡെപ്യൂട്ടേഷനിൽ നിയമിതനായതാണെന്നും ആർജെഡി ചൂണ്ടിക്കാണിച്ചു. 'അഴിമതിക്കാരായ തിരഞ്ഞെടുപ്പ് കമ്മീഷണർമാരും തിരഞ്ഞെടുപ്പ് കമ്മീഷനും ഇപ്പോൾ എവിടെയാണ്? ഇതാണോ ജനാധിപത്യം? അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഇരുണ്ട പ്രവൃത്തികളുടെ സഹായത്തോടെ നിങ്ങൾ എത്രകാലം വ്യാജ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചുകൊണ്ടേയിരിക്കും?' എന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന ചോദ്യം.
എന്നാൽ തന്നെ അപകീർത്തിപ്പെടുത്താൻ വേണ്ടി കൃത്രിമം കാണിച്ചതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വീഡിയോ എന്നാണ് മാഞ്ചിയുടെ അവകാശവാദം. 'ആകാശത്തേക്ക് തുപ്പുന്നവരേ, ആ തുപ്പൽ സ്വന്തം മുഖത്തേക്ക് തന്നെ വീഴുമെന്ന് നിങ്ങൾ മറക്കുകയാണ്. ഇപ്പോൾ, മാഞ്ചി ഒരു ബ്രാൻഡാണ്, ആരെയും ഭയപ്പെടുന്നില്ല' എന്നായിരുന്നു ജിതിൻ റാം മാഞ്ചിയുടെ പ്രതികരണം.
ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും വോട്ട് മോഷ്ടിച്ചതായി ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആർജെഡിയും സഖ്യകക്ഷിയായ കോൺഗ്രസും ആരോപിച്ചിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബിഹാറിൽ 'വോട്ടർ അധികാർ' റാലി നടത്തിയിരുന്നു. കഴിഞ്ഞ ബിഹാർ തെരഞ്ഞെടുപ്പിൽ മാഞ്ചിയുടെ പാർട്ടിയായ ഹിന്ദുസ്ഥാനി അവാം മോർച്ച അഞ്ച് സീറ്റുകൾ നേടിയിരുന്നു. ബിജെപിയും നിതീഷ് കുമാറിന്റെ ജെഡിയുവും ഉൾപ്പെടുന്ന എൻഡിഎ സഖ്യത്തിന്റെ ഭാഗമാണ് ഹിന്ദുസ്ഥാനി അവാം മോർച്ച.
Content Highlights: RJD has accused Union Minister Jitan Ram Manjhi of winning elections by rigging