ലീഗ് പ്രവർത്തകരുടെ ചാണകവെള്ളം തളിക്കൽ; മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി വിശദീകരണം തേടി

ചാണകവെള്ളം തളിച്ച ലീഗ് പ്രവർത്തകരുടെ നടപടിയെ കുഞ്ഞാലിക്കുട്ടി തള്ളിപ്പറഞ്ഞിരുന്നു

കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിന് മുൻപിൽ ചാണകവെള്ളം തളിച്ച മുസ്‌ലിം ലീഗ് പ്രവർത്തകരിൽ നിന്ന് ജില്ലാ കമ്മിറ്റി വിശദീകരണം തേടി. മറുപടിക്ക് ശേഷമുള്ള റിപ്പോർട്ട് ലഭിച്ച ശേഷം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഇവർക്കെതിരെ നടപടി സ്വീകരിക്കും. നേരത്തെ, വിഷയത്തിൽ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന കമ്മിറ്റി വിശദീകരണം തേടിയിരുന്നു. ചാണകവെള്ളം തളിച്ച ലീഗ് പ്രവർത്തകരുടെ നടപടിയെ പി.കെ. കുഞ്ഞാലിക്കുട്ടി തള്ളിപ്പറയുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയായിരുന്നു ലീഗ് പ്രവർത്തകർ ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിന് മുൻപിൽ ചാണകവെള്ളം തളിച്ചത്. കഴിഞ്ഞ തവണ ഭരണം നഷ്ടപ്പെട്ട ചങ്ങരോത്ത് പഞ്ചായത്തിൽ ഭരണം തിരിച്ച് പിടിച്ചതിന് പിന്നാലെ നടന്ന ആഹ്ളാദപ്രകടനത്തിനിടെയായിരുന്നു മുസ്ലിം ലീഗ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ചാണകവെള്ളം തളിച്ച് പ്രതീകാത്മക 'ശുദ്ധീകരണം' നടത്തിയത്. ഇതിൽ പ്രതികരണവുമായി പഞ്ചായത്ത് പ്രസിഡന്റായ ഉണ്ണി വെങ്ങോരി രംഗത്തുവന്നിരുന്നു.

താൻ ദളിത് വിഭാ​ഗത്തിൽപ്പെട്ട ആളായത് കൊണ്ടാണ് ലീ​ഗ് പ്രവർത്തകർ പഞ്ചായത്തിന് മുന്നിൽ ശുദ്ധികലശം നടത്തിയതെന്ന് ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന ഉണ്ണി വെങ്ങോരി പറഞ്ഞത്. യുഡിഎഫ് സമീപ പഞ്ചായത്തുകളിൽ വിജയിച്ചെങ്കിലും സമാനനിലയിലുള്ള 'ശുദ്ധികലശം' നടത്തിയിട്ടില്ലെന്നും ഉണ്ണി ചൂണ്ടിക്കാണിച്ചിരുന്നു. 'ശുദ്ധികലശം' നടത്തിയ സംഭവത്തിൽ ഉണ്ണി പൊലീസിൽ പരാതിയും നൽകിയിരുന്നു.

Content Highlights: muslim league asks explanation on cow dung water use at kozhikode

To advertise here,contact us