ബ്രൂവറിയിലെ ഹൈക്കോടതി വിധി സാങ്കേതികപരം; സര്‍ക്കാരിന് തിരിച്ചടിയല്ല: മന്ത്രി എം ബി രാജേഷ്

സര്‍ക്കാര്‍ നിലപാട് കോടതി ശരിവെയ്ക്കുകയാണ് ചെയ്തതെന്നും മന്ത്രി

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഹൈക്കോടതി വിധി സാങ്കേതികപരമാണ്. വിധി സര്‍ക്കാരിന് തിരിച്ചടിയല്ല. സര്‍ക്കാര്‍ നിലപാട് കോടതി ശരിവെയ്ക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. മന്ത്രി കോടതി ഉത്തരവ് വായിക്കുകയും ചെയ്തു.

വാട്ടര്‍ അതോറിറ്റി വെള്ളം കൊടുക്കുന്നതിന് അനുമതി നല്‍കിയിരുന്നുവെന്നും അതുവെച്ചാണ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും മന്ത്രി പറഞ്ഞു. പിന്നീട് വാട്ടര്‍ അതോറ്റി ആ നിലപാടില്‍ നിന്ന് പിന്നോക്കം പോയി. ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലവും നല്‍കി. സര്‍ക്കാര്‍ തെറ്റുചെയ്തതായി കോടതി പറഞ്ഞിട്ടില്ല. ബ്രൂവറി കഞ്ചിക്കോട് വ്യവസായ മേഖലയോട് ചേര്‍ന്നാണ് എന്നായിരുന്നു വാദം. അത് അഞ്ച് കിലോമീറ്റര്‍ മാറി എലപ്പുള്ളി പഞ്ചായത്തിലാണ് എന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിലെ വിധി പുതിയ അപേക്ഷകള്‍ പരിഗണിക്കുന്നതിന് തടസ്സമല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. പുതിയ അപേക്ഷകള്‍ പരിഗണിക്കുന്നതിനെ കോടതി വിലക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിനെതിരെ എന്തെങ്കിലും കിട്ടി എന്നുപറഞ്ഞ് ആഘോഷിക്കാന്‍ വഴിയില്ലെന്നും മന്ത്രി പറഞ്ഞു. ബ്രൂവറി പദ്ധതി സര്‍ക്കാരിന്റേതല്ലെന്നും പ്രാഥമിക അനുമതി മാത്രമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും മന്ത്രി പറഞ്ഞു. അത് കോടതിയും ശരിവെച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights- Minister M B Rajesh on high court verdict on brewery project

To advertise here,contact us