തൊഴിലുറപ്പ് നിയമഭേദഗതി ബില്ലിനെതിരെ വ്യാപക സമരത്തിന് കോൺഗ്രസ്; തൊഴിലുറപ്പ് തൊഴിലാളികളെ സമരത്തിൽ അണിനിരത്തും

ശബരിമല സ്വര്‍ണക്കൊള്ളയിലും സമരം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം

തിരുവനന്തപുരം: തൊഴിലുറപ്പ് നിയമഭേദഗതി കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക സമരത്തിനൊരുങ്ങി കോൺഗ്രസ്. തൊഴിലുറപ്പ് തൊഴിലാളികളെ അണിനിരത്തി സമരം സംഘടിപ്പിക്കുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയിലും സമരം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. ഇന്ന് ചേർന്ന കെപിസിസി കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ കോൺഗ്രസ് തുടങ്ങിക്കഴിഞ്ഞു. ഇതിന് മുന്നോടിയായി കൂടിയാണ് തൊഴിലുറപ്പ് നിയമഭേദഗതിയും ശബരിമല സ്വർണക്കൊള്ളയും സജീവ ചർച്ചയിലേക്ക് കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനുള്ള കോൺഗ്രസ് നേതൃ ക്യാമ്പ് ജനവരി നാല്, അഞ്ച് തീയതികളിൽ സുൽത്താൻ ബത്തേരിയിൽ ചേരുമെന്നാണ് വിവരം. ക്യാമ്പില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ തീരുമാനിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് സംബന്ധിച്ച് യുഡിഎഫ് യോഗത്തില്‍ വിശദമായ ചര്‍ച്ച നടക്കും. സീറ്റ് വിഭജന ചര്‍ച്ചകള്‍ നേരത്തെ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

പ്രതിപക്ഷത്തിൻ്റെ ശക്തമായ എതിർപ്പ് മറികടന്ന് ഇന്നലെയായിരുന്നു തൊഴിലുറപ്പ് നിയമഭേദഗതി ബിൽ രാജ്യസഭയിൽ പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ബില്‍ ശബ്ദവോട്ടോടെ രാജ്യസഭ കടന്നത്. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാജ്യസഭയിൽ ബിൽ പാസാക്കിയത്. ബില്ലിൽ രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ തൊഴിലുറപ്പ് നിയമഭേദഗതി നിലവിൽ വരും.

യുപിഎ സർക്കാർ കൊണ്ടുവന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ മോദി സർക്കാർ അടിമുറി ഉടച്ചുവാർത്തിരിക്കുകയാണ്. വ്യാപക വിമർശനമുയർന്നിട്ടും കേന്ദ്രസർക്കാർ അതൊന്നും വകവെച്ചില്ല. വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍ എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്. വിബി ജി റാം ജി എന്നാണ് പദ്ധതിയുടെ ചുരുക്കപ്പേര്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അപേക്ഷിച്ച് വിബി ജി റാം ജി പദ്ധതിയിൽ കേന്ദ്രവിഹിതം കുറയും. 60 ശതമാനം തുക കേന്ദ്രം നല്‍കും. ബാക്കി 40 ശതമാനം സംസ്ഥാനസര്‍ക്കാരുകള്‍ നല്‍കണം. നിലവില്‍ 75 ശതമാനമാണ് കേന്ദ്രം നല്‍കുന്നത്. വിബി ജി റാം ജി പദ്ധതിയിൽ സാമ്പത്തിക വർഷം തൊഴില്‍ ദിനങ്ങള്‍ നൂറില്‍ നിന്ന് 125 ആക്കി ഉയർത്തുമെന്നാണ് പറയുന്നത്. എന്നാൽ അത് പൂർണമായ അർത്ഥത്തിൽ നടപ്പിലാകില്ലെന്നാണ് നിരീക്ഷകർ പറയുന്നത്. നാൽപത് ശതമാനം തുക സർക്കാരുകളുടെ മേൽ ചുമത്തുന്നതോടെ തൊഴിൽ ദിനങ്ങൾ 75 ൽ ചുരുങ്ങാനാണ് സാധ്യത. ഇത്തരത്തിൽ തൊഴിലാളികളെ ഇരുട്ടിലാക്കുന്ന പല നിർദേശങ്ങളും പദ്ധതിയിലുണ്ട്. വിബി ജി റാം ജി പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർത്താനാണ് മറ്റ് പ്രതിപക്ഷ പാർട്ടികളുടെയും തീരുമാനം.

Content Highlight; Incident of changing the name and structure of the Thozhilurappu; KPCC prepares for protest against the central government's action

To advertise here,contact us