SIT സത്യസന്ധമായി അന്വേഷിച്ചാൽ മുഖ്യമന്ത്രി കോപിക്കും, മടിയിൽ കനം ഇല്ലെങ്കിൽ പേടിക്കേണ്ടതില്ലല്ലോ: കെ മുരളീധരൻ

പാരഡി പാട്ടില്‍ കേസെടുക്കാന്‍ ആകില്ലെന്നും മുമ്പ് കെ കരുണാകരന് എതിരെയും പാട്ട് എഴുതിയിട്ടുണ്ടെന്നും കെ മുരളീധരന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) അന്വേഷണത്തിന് അനുമതി നല്‍കിയതില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇ ഡി അന്വേഷിച്ചാലും കോടതിയുടെ മേല്‍ നോട്ടത്തില്‍ ആവണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. മടിയില്‍ കനം ഇല്ലെങ്കില്‍ പേടിക്കേണ്ടതില്ലല്ലോയെന്നും കെ മുരളീധരന്‍ പരിഹസിച്ചു. തങ്ങള്‍ക്ക് ഒരു അന്വേഷണ ഏജന്‍സിയോടും വിശ്വാസവും വിരോധവുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എസ്‌ഐടിയോട് വിശ്വാസ കുറവല്ലെന്ന് ഞങ്ങള്‍ ആദ്യമേ പറഞ്ഞു. അവര്‍ക്ക് പരിമിതികള്‍ ഉണ്ട്. സത്യസന്ധമായി അന്വേഷിച്ചാല്‍ അവരുടെ ഭാവി അവതാളത്തിലാവും. മുഖ്യമന്ത്രിയുടെ കോപത്തിന് ഇരയാകും. സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ പരിശോധിക്കട്ടെ. വേണ്ടിവന്നാല്‍ ശക്തമായ സമരം നടത്തും', കെ മുരളീധരന്‍ പറഞ്ഞു.

സ്വര്‍ണ്ണം കട്ടവരെ വെറുതെ വിടില്ലെന്നും എ പത്മകുമാര്‍ പാര്‍ട്ടിക്ക് വേണ്ടി തെറ്റ് ചെയ്‌തെന്നും കെ മുരളീധരന്‍ പറഞ്ഞു. പാരഡി പാട്ടില്‍ കേസെടുക്കാന്‍ ആകില്ലെന്നും മുമ്പ് കെ കരുണാകരന് എതിരെയും പാട്ട് എഴുതിയിട്ടുണ്ടെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. അത് അദ്ദേഹം ആസ്വദിച്ചു. ഇപ്പോള്‍ ഉള്ളവര്‍ക്ക് അത് സാധിക്കുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

കൊല്ലം വിജിലന്‍സ് കോടതിയാണ് ഇ ഡി അന്വേഷണത്തിന് അനുമതി നല്‍കി. ഇ ഡി അന്വേഷണം ആവശ്യമില്ലെന്ന എസ്ഐടിയുടെ നിലപാട് തള്ളിയാണ് വിജിലന്‍സ് കോടതി ഇ ഡി അന്വേഷണത്തിന് ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഇ ഡിക്ക് കൈമാറാനും കോടതി എസ്ഐടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനവുമായി ഇന്ന് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് നിര്‍ണായക അറസ്റ്റുണ്ടായിരിക്കുന്നത്. അന്വേഷണത്തില്‍ എസ്ഐടി ഗുരുതര ആലസ്യം കാണിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഡിസംബര്‍ അഞ്ചിന് ശേഷം എസ്‌ഐടി ഗുരുതര ആലസ്യത്തിലാണ്. ചില കുറ്റവാളികളെ ഒഴിവാക്കിക്കൊണ്ടാണോ അന്വേഷണമെന്നും ഹൈക്കോടതി ചോദിച്ചു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജു, ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിലാണ് എസ്ഐടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

Content Highlights: K Muraleedharan on ED investigation in Sabarimala Gold case

To advertise here,contact us