ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണത്തില്‍ ഗുരുതര ആലസ്യം; ചില കുറ്റവാളികളെ ഒഴിവാക്കുകയാണോ?; SITയെ കുടഞ്ഞ് ഹൈക്കോടതി

അന്വേഷണം വന്‍ സ്രാവുകളിലേക്ക് തിരിയണമെന്നും ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അന്വേഷണത്തില്‍ എസ്‌ഐടി ഗുരുതര ആലസ്യം കാണിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഡിസംബര്‍ അഞ്ചിന് ശേഷം എസ്ഐടി ഗുരുതര ആലസ്യത്തിലാണ്. ചില കുറ്റവാളികളെ ഒഴിവാക്കിക്കൊണ്ടാണോ അന്വേഷണമെന്നും ഹൈക്കോടതി ചോദിച്ചു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജു, ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിലാണ് എസ്‌ഐടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തിലേക്കാണ് ഹൈക്കോടതി ഇപ്പോള്‍ വിരല്‍ ചൂണ്ടിയിരിക്കുന്നത്. അന്വേഷണത്തില്‍ ഉദ്യേഗസ്ഥര്‍ ഗുരുതര ആലസ്യം കാണിക്കുന്നതായി ഹൈക്കോടതി പറഞ്ഞു. ചില കുറ്റവാളികളെ എസ്‌ഐടി ഒഴിവാക്കുകയാണോ എന്നും ഹൈക്കോടതി ചോദിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥരായ അഡ്വ. വിജയകുമാറിനെയും ശങ്കര്‍ ദാസിനെയും അറസ്റ്റ് ചെയ്യാത്തത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ ചോദ്യം ഉന്നയിച്ചത്. ഇരുവരെയും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി ചോദിച്ചു. രണ്ട് പേരെയും പ്രതി ചേര്‍ക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ല. ഇവരെ അറസ്റ്റ് ചെയ്യാത്തത് ആശ്ചര്യകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിവേചനമില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കുകയാണ് വേണ്ടത്.ഒരു കാരണവശാലും കുറ്റവാളികളെ വേര്‍തിരിച്ചുകാണരുത്. അന്വേഷണം വന്‍ സ്രാവുകളിലേക്ക് തിരിയണമെന്നും ഹൈക്കോടതി പറഞ്ഞു.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടിക്ക് പുറമേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. ഇ ഡി അന്വേഷണത്തിന് കൊല്ലം വിജിലന്‍സ് കോടതി അനുമതി നല്‍കി. ഇ ഡി അന്വേഷണം ആവശ്യമില്ലെന്ന എസ്‌ഐടിയുടെ നിലപാട് തള്ളിയാണ് വിജിലന്‍സ് കോടതി ഇ ഡി അന്വേഷണത്തിന് ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഇ ഡിക്ക് കൈമാറാനും കോടതി എസ്‌ഐടിക്ക് നിര്‍ദേശം നല്‍കി.കേസിന്റെ എഫ്ഐആര്‍, റിമാന്‍ഡ് റിപ്പോര്‍ട്ടുകള്‍, അറസ്റ്റിലായവരുടെയും മറ്റുള്ളവരുടെയും മൊഴികള്‍, പിടിച്ചെടുത്ത രേഖകള്‍ എന്നിവയുടെ പകര്‍പ്പ് ആവശ്യപ്പെട്ടായിരുന്നു ഇ ഡി കേടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ വിവരങ്ങള്‍ കൈമാറുന്നതില്‍ തടസ്സമില്ലെന്നും ഇ ഡി പറയുന്ന കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ മാത്രമേ അന്വേഷണം നടക്കാന്‍ പാടുള്ളു എന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. മറ്റു കുറ്റകൃത്യങ്ങളില്‍ ഇ ഡി സമാന്തര അന്വേഷണം നടത്തിയാല്‍ നിലവിലെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഇത് തള്ളിയാണ് വിജിലന്‍സ് കോടതിയുടെ നടപടി.

Content Highlights- High court against SIT over sabarimala gold theft case

To advertise here,contact us