സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് കൊണ്ട് സാധനം വാങ്ങി;ആർട്ട് അസിസ്റ്റന്റ് അറസ്റ്റിൽ

രണ്ടു വര്‍ഷത്തോളമായി ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നും പൊലീസ്

കുറ്റിപ്പുറം: സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് ഉപയോഗിച്ച് സാധനം വാങ്ങിയ സിനിമാ ആര്‍ട്ട് അസിസ്റ്റന്‍ഡ് അറസ്റ്റില്‍. ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശി വളവില്‍ചിറ ഷല്‍ജി(50)യെയാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്.

ബുധനാഴ്ച തവനൂര്‍ റോഡിലെ ഒരു കടയില്‍ നിന്നാണ് ഇയാള്‍ 500 രൂപയുടെ ഡ്യൂപ്ലിക്കേറ്റ് നോട്ട് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയത്. സംശയം തോന്നിയ കടയുടമ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ ഇയാള്‍ അവിടെ നിന്ന് കടന്നുകളഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ ഷല്‍ജിയെ പിന്തുടര്‍ന്ന് പിടികൂടി കുറ്റിപ്പുറം പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയുടെ താമസസ്ഥലത്തെത്തി പരിശോധന നടത്തുകയും 500 രൂപയുടെ 391 ഡ്യൂപ്ലിക്കേറ്റ് നോട്ടുകള്‍ പിടികൂടുകയുമായിരുന്നു.

ഇത്തരം ഡ്യൂപ്ലിക്കേറ്റ് നോട്ടുകള്‍ ഇയാള്‍ കുറ്റിപ്പുറം, എടപ്പാള്‍, പൊന്നാനി ഭാഗങ്ങളിലായി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിന്റെ മറവില്‍ ചെലവഴിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സിനിമാരംഗത്ത് ആര്‍ട്ട് അസിസ്റ്റന്റാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. രണ്ടു വര്‍ഷത്തോളമായി ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

എറണാകുളത്തെ ഒരു പ്രസ്സില്‍ നിന്നാണ് ഇത്തരത്തില്‍ സിനിമാ ചിത്രീകരണ ആവശ്യത്തിന് ഡ്യൂപ്‌ളിക്കേറ്റ് നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നത്. ഈ നോട്ടുകളില്‍ സിനിമാ ചിത്രീകരണ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നത് എന്ന മുന്നറിയിപ്പും പ്രിന്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

Content Highlights: Film Art Assistant Arrested for Circulating Fake Notes in Market and buy products

To advertise here,contact us