ഇടുക്കി: പാര്ട്ടിക്കെതിരെ വിമര്ശനം ഉന്നയിച്ച് സജീവ പാര്ട്ടി പ്രവര്ത്തനം അവസാനിപ്പിച്ച മുതിര്ന്ന നേതാവ് കെ കെ ശിവരാമനെ തള്ളി സിപിഐ. പരാമര്ശത്തില് അടിസ്ഥാനമില്ലെന്നും മാഫിയാ പ്രവര്ത്തനത്തെ തള്ളിക്കളഞ്ഞ പ്രസ്ഥാനമാണ് സിപിഐ എന്നും ജില്ലാ എക്സിക്യൂട്ടീവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇനിയും അത് തുടരുമെന്നും ശിവരാമന്റെ പ്രസ്താവന സംഘടനാ വിരുദ്ധമാണെന്നും പ്രസ്താവനയില് പറയുന്നു.
ഉന്നയിച്ച ആരോപണങ്ങള് പാര്ട്ടിയുടെ ഒരു ഘടകത്തിലും അവതരിപ്പിച്ചിട്ടില്ല എന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു. 'ഇടുക്കി ജില്ലയില് മണ്ണ് - മണല് -ഭൂമാഫിയ പ്രവര്ത്തനങ്ങളോട് ചില നേതാക്കള് ഒട്ടിച്ചേര്ന്ന് പ്രവര്ത്തിക്കുന്നു എന്ന ശിവരാമന്റെ ആരോപണം ദുഷ്ടലാക്കോടെ ഉള്ളതാണ്. ഇന്നലെ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില് പങ്കെടുക്കുന്നത് വരെ ഇത് സംബന്ധമായ ഒരു പരാതിയും പാര്ട്ടി ഘടകത്തിന് മുന്നില് അദ്ദേഹം ഉന്നയിച്ചിട്ടില്ല. ദീര്ഘകാല അനുഭവമുള്ള കെ കെ ശിവരാമനെ പോലുള്ള ആളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള ഇത്തരം ജല്പനങ്ങള് സംഘടനാ വിരുദ്ധവും പാര്ട്ടീ താല്പര്യങ്ങള്ക്ക് വിരുദ്ധവുമാണ്', പ്രസ്താവനയില് പറഞ്ഞു.
സംസ്ഥാന വ്യാപകമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില് ചിലയിടങ്ങളില് എല്ഡിഎഫിന് ഉണ്ടായിട്ടുള്ള തിരിച്ചടി ഇടുക്കി ജില്ലയിലും പ്രതിഫലിച്ചിട്ടുണ്ട്. ഇതിന് ഇടയായ വസ്തുതാപരമായ കാര്യങ്ങള് എല്ഡിഎഫും സിപിഐയും പരിശോധിക്കുകയും പരിഹാരം കാണുന്നതിന് ജനങ്ങളോടൊപ്പം നിലകൊള്ളുകയും ചെയ്യും. പാര്ട്ടിയും എല്ഡിഎഫും ദുര്ബലപ്പെട്ടു എന്ന കെ കെ ശിവരാമന്റെ പ്രതികരണത്തില് യാതൊരു കഴമ്പുമില്ലെന്നും പ്രസ്താവനയില് പറയുന്നു.
നേരത്തേ സിപിഐ ഇടുക്കി ജില്ലാ നേതൃത്വവുമായി യോജിച്ച് പോകാന് കഴിയില്ലെന്നും സജീവ രാഷ്ട്രീയ പ്രവര്ത്തനം അവസാനിപ്പിച്ചുവെന്നും വ്യക്തമാക്കി കെ കെ ശിവരാമന് രംഗത്തെത്തിയിരുന്നു. നിക്ഷിപ്ത താല്പര്യങ്ങളാണ് ഇടുക്കിയിലെ പാര്ട്ടിയെ നയിക്കുന്നത്. ഇടുക്കിയിലെ സിപിഐയില് കുറേ കാലമായി വിമര്ശനവും സ്വയം വിമര്ശനവും ഇല്ല. ഇടുക്കി ജില്ലയില് സിപിഐ തകര്ന്നെന്നും ശിവരാമന് തുറന്നടിച്ചിരുന്നു. ഇടുക്കി ജില്ലയില് മണ്ണ്, മണല്, ഭൂമാഫിയകള് പ്രവര്ത്തിക്കുന്നുണ്ട്. പല സിപിഐ നേതാക്കളും അതിനോട് ഒട്ടിച്ചേര്ന്ന് പ്രവര്ത്തിക്കുന്നുണ്ട്. ഇടുക്കിയിലെ സിപിഐയുടെ വര്ത്തമാനകാല രാഷ്ട്രീയത്തില് തനിക്ക് ഒരു ഇടമില്ലെന്ന് മനസിലായി. അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഒരു സുപ്രഭാതത്തില് കൈക്കൊണ്ട പ്രകോപനപരമായ തീരുമാനമല്ലെന്നും ശിവരാമന് പറഞ്ഞിരുന്നു. ശിവരാമന്റെ പ്രതികരണം ചര്ച്ചയായതോടെയായിരുന്നു ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജില്ലാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശിവരാമന് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം നല്കുന്ന പാഠം പഠിക്കാന് ഇടുക്കിയില് ഇടതുപക്ഷത്തിന് കഴിയണമെന്ന് ശിവരാമന് പറഞ്ഞിരുന്നു. ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് പലരുടെയും ധാരണ. വാക്കും പ്രവര്ത്തിയും തമ്മില് പൊരുത്തം ഉണ്ടാകണം. പലരും പാറ, ക്വാറി, മണ്ണ്, മണല്, ഭൂമി കയ്യേറ്റ മാഫിയകളുടെ ഉറ്റ തോഴന്മാര് ആകാന് മത്സരിക്കുന്നവരാണ്. അനധികൃത ക്വാറി നടത്തിപ്പുകാരായ നേതാക്കളെ ജനങ്ങള് തിരിച്ചറിയുന്നുണ്ടെന്നും ശിവരാമന് പറഞ്ഞിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ശിവരാമന് അന്ന് പ്രതികരിച്ചത്.
Content Highlights: cpi idukki district executive release a press note against k k sivaraman