മുസ്‌ലിം ലീ​ഗ് മലപ്പുറം പാർട്ടി, മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുത്തു; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

താൻ മുസ്‌ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നും ലീ​ഗിനെയാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി

ആലപ്പുഴ: മുസ്‌ലിം ലീ​ഗിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിം ലീ​ഗ് മലപ്പുറം പാർട്ടിയാണെന്നും മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുത്തുവെന്നുമുള്ള അതിരൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി നടേശൻ നടത്തിയത്. താനൊരു വർഗീയവാദിയാണെന്നാണ് മുസ്‌ലിം ലീ​ഗ് നേതാക്കൾ പറഞ്ഞു നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തന്നെ ദേശീയവാദിയായി കൊണ്ടുനടന്ന കാലം ഉണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു. തൻ്റെ ഉള്ളിൽ ജാതിചിന്ത ഇല്ലെന്നും എന്നാൽ ജാതി വിവേചനം കാണിക്കുമ്പോൾ ആ ചിന്ത ഉണ്ടാകാറുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കവയായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണം.

താൻ മുസ്‌ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നും ലീ​ഗിനെയാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ആൻ്റണിയും അച്യുതാനന്ദനും ലീ​ഗിനെതിരെ പറഞ്ഞിട്ടില്ലെ. എന്നാൽ ലീ​ഗിനെതിരെ പറഞ്ഞതിന് സകല അലവലാതികളും തന്നെ ചീത്ത പറയുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാധ്യമങ്ങളും ഇതിൻ്റെ പേരിൽ തന്നെ വേട്ടയാടിയെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ലീ​ഗ് നേതാവ് മുഖ്യമന്ത്രിയെ ആണും പെണ്ണും കെട്ടവൻ എന്ന് പറഞ്ഞു. ഇങ്ങനെ തറ പറയുന്നവർ ഉണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

തന്നെ വിമർശിക്കുന്ന മിതവാദികൾ എന്ത് ചെയ്യുന്നുവെന്ന് പരിഹസിച്ച വെള്ളാപ്പള്ളി തങ്ങൾ വിശ്വാസം അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറില്ലെന്നും ചൂണ്ടിക്കാണിച്ചു. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്നവരാണ് ശ്രീനാരായണ ​ഗുരു പ്രസ്ഥാനം. എസ്എൻഡിപിയുടെ കണക്ക് ഓഡിറ്റ് ചെയ്യുന്നതും കേസ് നോക്കുന്നതും മുസ്‌ലിമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നവരാണ് ലീ​ഗുകാർ എന്നും മണി പവറും മസിൽ പവറും കൊണ്ട് എന്തും ചെയ്യാം എന്ന അഹങ്കാരമാണ് ലീ​ഗിനെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

കൊല്ലത്ത് എൽഡിഎഫ് ശ്രീനാരായണ ​ഗുരു യൂണിവേഴ്സിറ്റ് കൊണ്ടുവന്നത് നല്ലകാര്യമായിരുന്നെങ്കിലും തലപ്പത്ത് ​ഗുരുവിനെ അറിയുന്നവരെ വെച്ചില്ല. ഇതിനെ വിമർശിച്ചതിൻ്റെ പേരിൽ തന്നെ ആക്രമിച്ചു. ലീ​ഗ് ചന്ദ്രീകയിൽ എഡിറ്റോറിയൽ വരെ എഴുതി. തന്നെ തോജോവധം ചെയ്തെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. എം പിമാരെ നോമിനേറ്റ് ചെയ്തപ്പോൾ പിന്നോക്കക്കാരെ അവ​ഗണിച്ചതിനെ വിമർശിച്ചപ്പോൾ ലീ​ഗ് തനിക്കെതിരെ പ്രമേയം പാസാക്കിയെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. തന്നെ പറവാണം കത്തിച്ച് ഇല്ലാതാക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മതവിദ്വേഷം പരത്തുന്ന മറ്റൊരു പാർട്ടി കേരളത്തിൽ ഇല്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. മാറാട് കലാപം ഉണ്ടാക്കി എത്രപേരയാണ് കൊന്നതെന്ന് ചോദിച്ച വെള്ളാപ്പള്ളി മുസ്‌ലിം ലീ​ഗ് അവസരം കിട്ടുമ്പോൾ മറ്റുള്ളവരെ തകർക്കുകയാണെന്നും ആരോപിച്ചു.

തൻ്റെ സമുദായം തൻ്റെ കൂടെയുണ്ടെന്നും ലീ​ഗിൻ്റെ കൂടി അവരുടെ സമുദായം മുഴുവൻ ഉണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മലപ്പുറത്ത് സീറ്റ് കിട്ടിയതിന് തന്നെ എന്തിനാണ് വിമർശിക്കുന്നതെന്ന് ചോദിച്ച വെള്ളാപ്പള്ളി മലപ്പുറം അവരുടെ നാടല്ലെയെന്നും ചൂണ്ടിക്കാണിച്ചു. ഭയപ്പെടുത്തി എസ്എൻഡിപിയെ തളർത്താം എന്ന് വിചാരിക്കുന്നവർ മൂഢസ്വർ​ഗത്തിലാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ വാഹനത്തിൽ കയറിയെന്ന വിമർശനത്തിനും വെള്ളാപ്പള്ളി മറുപടി പറഞ്ഞു. താൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിന് കുറ്റം പറയുന്നു. എത്രനേതാക്കന്മാർ കണ്ട പെണ്ണുങ്ങളെ കാറിൽ കയറ്റി കൊണ്ടുപോയിട്ടുണ്ട്. തങ്ങളുടെ വണ്ടിയിൽ മുസ്‌ലിം നേതാവല്ലാതെ മറ്റാരെയെങ്കിലും കയറ്റിയത് കണ്ടിട്ടുണ്ടോ. ക്ലിഫ് ഹൗസിൽ പോയത് ആകെ രണ്ടുവട്ടമാണെന്നും വെള്ളാപ്പള്ളി വെളുപ്പെടുത്തി.

സുധാകരൻ വരെ തനിക്കിട്ട് കുത്തിയെന്നും കോൺ​ഗ്രസുകാരെ കൊണ്ട് വരെ തനിക്കെതിരെ പറയിപ്പിക്കാൻ ലീ​ഗിന് സാധിച്ചു. തനിക്കെതിരെ പറയുമെന്ന് കരുതിയില്ലെന്നും ചാടിക്കളിക്കുന്ന കുഞ്ഞിരാമന്മാരായി കോൺ​ഗ്രസ് നേതാക്കൾ മാറിയെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അസംബ്ലി തെരഞ്ഞെടുപ്പിൻ്റെ ചൂണ്ട് പലകയായി കാണാൻ കഴിയില്ലെന്നും മാങ്കൂട്ടവും സ്വർണപാളിയും ജനത്തിന് താൽപ്പര്യം ഇല്ലാത്ത വിഷയമാണ്. പത്ത് കൊല്ലം എല്ലാ സുഖസൗകര്യവും അനുഭവിച്ച ഘടകകക്ഷികൾ ഇപ്പോൾ പിണറായിയെ കുറ്റം പറയുകയാണെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു. ഐഎൻഎൽ വരെ കയറിക്കൊത്തിയെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. അന്ധൻ ആനയെ കണ്ടതുപോലെ കൂടെ നിൽക്കുന്നവർ പല അഭിപ്രായവും പറയും. ഘടകകക്ഷികൾ അഭിപ്രായം പറയുമ്പോൾ കൂട്ടായ അഭിപ്രായം പറയണമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു.

തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനെയും വെള്ളാപ്പള്ളി വിമർശിച്ചു. പരാജയത്തിൻ്റെ കാരണം ആര്യ രാജേന്ദ്രൻ്റെ പൊങ്ങച്ചമാണെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു. ആളുകളോടുള്ള ആര്യയുടെ പെരുമാറ്റം മോശം. ആര്യയ്ക്ക് അധികാരത്തിൻ്റെ ധാർഷ്ട്യം എന്നും കെഎസ്ആ‍ർടിസി ബസുകാരനോട് അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ആ​ര്യയ്ക്ക് പൊതുപ്രവർത്തനത്തിൻ്റെ പൊതുശൈലി ഉണ്ടായില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

ബിഡിജെഎസ് അ​വ​ഗണന നേരിടുന്നെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു. ബിഡിജെഎസ് നിന്നാൽ സവർണർ വോട്ട് ചെയ്യില്ലെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. ബിഡിജെഎസിൽ രണ്ട് അഭിപ്രായം ഉള്ളവർ ഉണ്ട്. ഇടതുപക്ഷത്തേയ്ക്ക് പോകണമെന്ന് അഭിപ്രായം ഉള്ളവരുണ്ട്. മലപ്പുറത്ത് ഹിന്ദുക്കൾ ഛിന്നഭിന്നമാണെന്നും മുസ്‌ലിങ്ങൾ ഒന്നാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. തൻ്റെ കണക്കനുസരിച്ച് പിണറായി വിജയൻ വീണ്ടും അധികാരത്തിൽ വരുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പാട്ടിൻ്റെയും കൂത്തിൻ്റെയും പുറകെ പോയിട്ട് കാര്യമില്ലെന്നും യാഥാർത്ഥ്യത്തോടെ തെരഞ്ഞെടുപ്പിനെ കാണണമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു.

Content Highlights: Vellappally Natesan Slams Muslim League

To advertise here,contact us