ന്യൂഡല്ഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമന് സെന്നിനെ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. അഞ്ച് പുതിയ ജഡ്ജിമാരെയും കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്. നിലവിലെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന് ജാംദാര് ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴിവിലേക്കാണ് ശുപാർശ.
കൊല്ക്കത്ത സ്വദേശിയായ ജസ്റ്റിസ് സൗമന് സെന് 1991ലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. 2011 ഏപ്രിലില് കൊല്ക്കത്ത ഹൈക്കോടതി ജഡ്ജിയായി. അതേ വര്ഷം തന്നെ മേഘാലയ ചീഫ് ജസ്റ്റിസായി നിയമിതനാകുകയും ചെയ്തു.
അതേസമയം കേരള ഹൈക്കോടതിയിലെ മുതിര്ന്ന ജഡ്ജി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായി കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്. അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് മനോജ് കുമാര് ഗുപ്തയെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ബോംബെ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് രേവതി പി മൊഹിതെ ദേരെയെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായും കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്.
ബോംബെ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് എം എസ് സോനക്കിനെ ജാര്ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ഒറീസ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സംഗം കുമാറിനെ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായും സ്ഥാനക്കയറ്റം നല്കാനാണ് ശുപാർശ.
Content Highlights: Meghalaya Chief Justice Soumen Sen become Kerala High Court Chief Justice