ഒ സദാശിവന്‍ കോഴിക്കോട് മേയറാകും; പ്രഖ്യാപിച്ച് സിപിഐഎം

മൂന്നാം തവണയാണ് സദാശിവന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറാകുന്നത്

കോഴിക്കോട്: കോര്‍പ്പറേഷനില്‍ മേയറെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. സിപിഐഎം കൗണ്‍സിലര്‍ ഒ സദാശിവനാണ് മേയര്‍. ഒമ്പതാം വാര്‍ഡില്‍ നിന്നുള്ള സിപിഐഎം കൗണ്‍സിലറായ സദാശിവന്‍ വേങ്ങേരി ഏരിയാ കമ്മിറ്റി അംഗവുമാണ്. മൂന്നാം തവണയാണ് സദാശിവന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറാകുന്നത്. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് ആണ് മേയറെ പ്രഖ്യാപിച്ചത്.

ഡോ. ജയശ്രീ ഡെപ്യൂട്ടി മേയറുമാകും. നിലവില്‍ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണാണ്. കോട്ടുളി വാര്‍ഡില്‍ നിന്നാണ് ജയശ്രീ വിജയിച്ചത്. കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പലാണ് ജയശ്രീ. ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കോഴിക്കോട് കോര്‍പ്പറേഷനില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ല. എല്‍ഡിഎഫ് 35 ഉം യുഡിഎഫ് 28ഉം എന്‍ഡിഎ 13 സീറ്റുമാണ് നേടിയത്.

അതേസമയം കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറെയും പ്രഖ്യാപിച്ചു. പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും. നിലവില്‍ ഡെപ്യൂട്ടി മേയറായ ഇന്ദിര പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് വിജയിച്ചത്. ഇന്ദിരയെ മേയറാക്കാന്‍ കണ്ണൂര്‍ ഡിസിസി തീരുമാനിച്ചു. ഇന്ദിരയ്ക്ക് പുറമെ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലിന്റെ പേരും സജീവ പരിഗണനയിലുണ്ടായിരുന്നു. ഇത്തവണ കോര്‍പ്പറേഷനില്‍ മേയര്‍ വനിതാ സംവരണമാണ്.

Content Highlights: local body election result 2025 O Sadhasivan become Kozhikode Mayor

To advertise here,contact us