'കളി പഠിപ്പിക്കും'; കായംകുളത്ത് INL എല്‍ഡിഎഫിന്റെ കാലുവാരിയെന്ന് ആരോപണം; INL നേതാവിന്റെ ശബ്ദസന്ദേശം പുറത്ത്

നമ്മള്‍ നിര്‍ത്തി നമ്മള്‍ പിന്തുണച്ച സ്വതന്ത്രന്മാരാണ് ഇവിടെ ജയിച്ചത് എന്ന് പറയുന്നതും ശബ്ദ സന്ദേശത്തില്‍ കേള്‍ക്കാം

ആലപ്പുഴ: കായംകുളം നഗരസഭയില്‍ ഐഎന്‍എല്‍ എല്‍ഡിഎഫിന്റെ കാലുവാരിയെന്ന് ആരോപണം. ആറ് സീറ്റില്‍ സിപിഐഎമ്മിനെ പരാജയപ്പെടുത്തിയെന്നും രണ്ട് സീറ്റില്‍ സ്വതന്ത്രരെ വിജയിപ്പിച്ചെന്നും പറയുന്ന ഐഎന്‍എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നിസാര്‍ മൗലവിയുടെ ശബ്ദ സന്ദേശം പുറത്ത്. ഇരുപത്തിയാറാം വാര്‍ഡില്‍ 280 കുടുംബ വോട്ടുകള്‍ ഉള്‍പ്പെടെ മറിച്ചെന്നും കളിച്ചാല്‍ കളി പഠിപ്പിക്കുമെന്നും നിസാര്‍ മൗലവി പറയുന്നു.

'നമ്മള്‍ നിര്‍ത്തി നമ്മള്‍ പിന്തുണച്ച സ്വതന്ത്രന്മാരാണ് ഇവിടെ ജയിച്ചത്. സിപിഐഎമ്മിന്റെ ഈറ്റില്ലം, അവിടെ ഹിന്ദുക്കളില്ല. മൊത്തം മുസ്‌ലിങ്ങള്‍. 20 ഹിന്ദു വോട്ടേ ഉള്ളു. അവിടെയാണ് മൂന്ന് വാര്‍ഡ് നമ്മള്‍ തോല്‍പ്പിച്ചത്. കഴിഞ്ഞ തവണ 18 സീറ്റും ബാക്കി സ്വതന്ത്രന്മാരെയും വെച്ച് മത്സരിപ്പിച്ചു. നമുക്ക് ആറ് സീറ്റോളം അവരെ തോല്‍പ്പിക്കാന്‍ പറ്റി, രണ്ട് സ്വതന്ത്രരെ ജയിപ്പിച്ചു. കളി പഠിപ്പിച്ച് കൊടുക്കണം. പണിയണം, പണിഞ്ഞു. അത് അവരെ മനസിലാക്കിയല്ലോ, അതുകൊണ്ട് നമ്മുടെ വീട്ടില്‍ സിപിഐഎമ്മുകാരുടെ കുത്തൊഴുക്കായിരുന്നല്ലോ. അബദ്ധം പറ്റിപ്പോയി, ക്ഷമിക്കണമെന്ന് അവര്‍ പറഞ്ഞു', നിസാര്‍ മൗലവി ശബ്ദ സന്ദേശത്തില്‍ പറയുന്നു.

അഞ്ച് സ്വതന്ത്രന്മാര്‍ക്ക് പിന്തുണ കൊടുത്തെന്നും അഞ്ച് പേരും ജയിച്ചെന്നും നിസാര്‍ മൗലവി പറഞ്ഞു. യുഡിഎഫ് അധികാരം കൊണ്ടുപോയെന്നും പറയുന്നത് ഓഡിയോയില്‍ കേള്‍ക്കാം. താന്‍ 2015ല്‍ എല്‍ഡിഎഫിന്റെ ഭാഗമായപ്പോഴും കഴിഞ്ഞ വര്‍ഷവും സീറ്റ് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ഭരണം പോകുമെന്ന് മുഖത്ത് നോക്കി പറഞ്ഞു. അതുപോലെ നാണം കെട്ട് തോറ്റെന്നും നിസാര്‍ മൗലവി പറയുന്നത് ശബ്ദ സന്ദേശത്തില്‍ കേള്‍ക്കാം.

കഴിഞ്ഞ തവണ കായംകുളത്ത് 23 വാര്‍ഡിലാണ് എല്‍ഡിഎഫ് വിജയിച്ചത്. ഇത്തവണ 14 വാര്‍ഡിലേക്ക് എല്‍ഡിഎഫ് ഒതുങ്ങി. ഒമ്പത് വാര്‍ഡിലാണ് തിരിച്ചടി നേരിട്ടത്. ഈ തിരിച്ചടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് നിസാര്‍ മൗലവിയുടെ ശബ്ദ സന്ദേശം പുറത്തുവരുന്നത്.

Content Highlights: local body election result 2025 INL leader audio leaked about they defeat LDF in Kayamkulam

To advertise here,contact us