'പോറ്റിയെ കേറ്റിയേ'; ഗാനത്തിനെതിരെ പരാതി നല്‍കാന്‍ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഇന്ന് തീരുമാനിക്കും

അതേ സമയം 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തില്‍ പൊലീസ് കേസെടുത്തിരുന്നു.

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് നടക്കും. 'പോറ്റിയേ കേറ്റിയെ' പാരഡി ഗാനത്തെ ചൊല്ലിയുള്ള വിഷയം യോഗം ചര്‍ച്ച ചെയ്യും.

പാരഡി ഗാനം തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് യോഗം വിലയിരുത്തും. വിഷയത്തില്‍ പരാതി നല്‍കാന്‍ തീരുമാനിക്കും. തെരഞ്ഞെടുപ്പിന് ശേഷം മുന്‍ എംഎല്‍എ കെ സി രാജഗോപാല്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറിക്കെതിരെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നുണ്ടായ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.കെ സി രാജഗോപാലിനോട് വിശദീകരണം തേടാന്‍ തീരുമാനിക്കും. കാലുവാരല്‍ ആക്ഷേപം പരിശോധിക്കാന്‍ കമ്മീഷനെ വച്ചേക്കും.

അതേ സമയം 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തില്‍ പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. കേസില്‍ ഗാനരചയിതാവ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. മതവികാരം വൃണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കിയതിനുമാണ് കേസ്. ഗാനരചയിതാവിന്റെ പേര് ജി പി കുഞ്ഞബ്ദുള്ള എന്നാണെങ്കിലും എഫ്ഐആറില്‍ പേര് രേഖപ്പെടുത്തിയിരിക്കുന്നത് കുഞ്ഞുപിള്ള എന്നാണ്.

'പോറ്റിയേ കേറ്റിയെ' എന്ന പാരഡി പ്രചാരണ ഗാനത്തിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപി റവാഡ ചന്ദ്രശേഖറിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. അയ്യപ്പഭക്തി ഗാനത്തെ അവഹേളിക്കുന്നതാണ് പാരഡി ഗാനമെന്നും അത് ഭക്തര്‍ക്ക് വേദന ഉണ്ടാക്കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പാരഡി പാട്ടിനെതിരായ പരാതിക്ക് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നാണ് തിരുവാഭരണ പാത സംരക്ഷണ സമിതി ചെയര്‍മാന്‍ കെ ഹരിദാസ് പറഞ്ഞത്.

പരാതി നല്‍കിയത് സമിതിയല്ലെന്നും അത് ചിലരെ സംരക്ഷിക്കാനുളള ശ്രമമാണെന്നും ഹരിദാസ് പറഞ്ഞു. സംഘടനയില്‍ നിന്ന് വിട്ടുപോയ ആളാണ് പ്രസാദെന്നും ശബരിമലയില്‍ സ്വര്‍ണക്കൊളള നടന്നു എന്നതിനാണ് പ്രാധാന്യമെന്നും ഹരിദാസ് പറഞ്ഞു. പോറ്റിയേ കേറ്റിയേ സ്വര്‍ണം ചെമ്പായ് മാറിയെ എന്ന പാരഡി ഗാനം തദ്ദേശ തെരഞ്ഞെടുപ്പിലുടനീളം യുഡിഎഫ് വ്യാപകമായി പ്രചാരണ പരിപാടികളില്‍ ഉപയോഗിച്ചിരുന്നു.

Content Highlights: CPI(M) Pathanamthitta will decide today to file a complaint against the parody song

To advertise here,contact us