ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സ്റ്റേഷനിലെത്തി; ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് സിഐ

2024 ൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കൊച്ചി: ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ സ്റ്റേഷനില്‍ എത്തിയ ഗര്‍ഭിണിയായ ഭാര്യയെ മുഖത്തടിച്ച് സിഐ. നെഞ്ചില്‍ പിടിച്ച് തള്ളുകയും ചെയ്തു. ഷൈമോള്‍ എന്ന യുവതിക്കായിരുന്നു മര്‍ദനമേറ്റത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ 2024 ജൂണ്‍ 20നായിരുന്നു സംഭവം. സിഐ പ്രതാപചന്ദ്രനാണ് യുവതിയെ മര്‍ദിച്ചത്. ഹൈക്കോടതിയുടെ ഇടപെടലുകളിലൂടെ പരാതിക്കാരിക്ക് ലഭിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതില്‍ സിഐ യുവതിയുടെ മുഖത്തടിക്കുന്നത് വ്യക്തമാണ്.

വീടിന് സമീപത്തെ ഒരു സ്ഥാപനത്തില്‍ രണ്ട് പേര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നുവെന്നും അവരെ പൊലീസ് എത്തി പിടിച്ചുകൊണ്ടുപോയതായും ഷൈമോളുടെ ഭര്‍ത്താവ് പറഞ്ഞു. രക്ഷിക്കണം എന്ന് പറഞ്ഞ് അവര്‍ നിലവിളിക്കുന്നുണ്ടായിരുന്നു. ഇത് കേട്ട് താനും ഭാര്യയും അവിടേയ്ക്ക് പോയി. തങ്ങളെ കണ്ട പൊലീസുകാര്‍ അവിടെ നിന്ന് പോകണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് തങ്ങള്‍ അവിടെ നിന്ന് മാറി നില്‍ക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇതാണ് പ്രശ്‌നമായത്. തൊട്ടടുത്ത ദിവസം എഫ്‌ഐആര്‍ പോലുമിടാതെ തന്നെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഡ്യൂട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് അവര്‍ പറഞ്ഞത്. സ്റ്റേഷനില്‍ നിന്ന് തങ്ങളുടെ വീട്ടിലേയ്ക്ക് അധികം ദൂരമില്ല. പറഞ്ഞാല്‍ ഹാരജാരാകാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ യാതൊരു അറിയിപ്പുമില്ലാതെ പിടിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. തന്നെ പിടിച്ചുകൊണ്ടുപോകുന്നതുകണ്ടാണ് ഷൈമോള്‍ സ്‌റ്റേഷനിലേക്ക് എത്തിയത്. അവള്‍ നേരിട്ടത് ക്രൂരമര്‍ദനമാണെന്നും ഭര്‍ത്താവ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വിവരാവകാശ കമ്മീഷനില്‍ അടക്കം കയറിയിറങ്ങി. വിവരാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനുമെല്ലാം ഡമ്മികളാണ്. നേരിട്ട് കോടതിയില്‍ സമീപിച്ചാല്‍ ന്യായം കിട്ടുമെന്നും ഷൈമോളുടെ ഭര്‍ത്താവ് വ്യക്തമാക്കി.

ഗര്‍ഭിണിക്ക് നേരെയുള്ള സിഐയുടെ അതിക്രമം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ക്രിമിനലുകളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നിതീ നടപ്പിലാക്കേണ്ട പൊലീസ് ക്രൂരത കാണിക്കുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടായത് മനഃസാക്ഷിക്ക് നിരക്കാത്ത കാര്യങ്ങളാണെന്നായിരുന്നു എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പാര്‍ട്ടി സംരക്ഷണം ലഭിക്കുന്നുണ്ട്. സ്ത്രീകളെന്ന പരിഗണന പോലും നല്‍കാതെ ക്രൂരമായി മര്‍ദിക്കുകയാണ്. നീതി ബോധമില്ലാത്ത പൊലീസുകാരെ മാറ്റുന്നത് രാഷ്ട്രീയ സംരക്ഷണം തന്നെയാണെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. വിവാദമുയര്‍ന്നതിന് പിന്നാലെ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ദക്ഷിണമേഖല ഐജിയോടാണ് റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറഞ്ഞു.

Content Highlights: CI slapped pregnant woman's face in ernakulam north police Station

To advertise here,contact us