വിയ്യൂര്‍ ജയില്‍ച്ചാടിയ ബാലമുരുകന്റെ ഭാര്യ ജീവനൊടുക്കി; കുട്ടികള്‍ ചികിത്സയില്‍

കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ജോസ്ബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു

തൃശ്ശൂര്‍: വിയ്യൂല്‍ സെന്‍ട്രല്‍ ജയിലിലേക്ക് എത്തിക്കവെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട തടവുകാരന്‍ ബാലമുരുകന്റെ ഭാര്യ മരിച്ചു. തെങ്കാശി സ്വദേശി ജോസ്ബിന്‍ (35) ആണ് മരിച്ചത്. കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ജോസ്ബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മക്കളുമൊത്താണ് ജോസ്ബിന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിക്കേറ്റ രണ്ടുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുനെല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ജോസ്ബിന്റെ മൃതദേഹം. ബന്ധുക്കള്‍ ഏറ്റുവാങ്ങിയിട്ടില്ല. പൊലീസ് അനുമതി നല്‍കുന്നില്ലെന്ന ആക്ഷേപവും ഉണ്ട്.

നവംബര്‍ രണ്ടിനാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ കവാടത്തില്‍ വെച്ച് പോലീസിന്റെ കണ്ണുവെട്ടിച്ച് ബാലമുരുകന്‍ രക്ഷപ്പെട്ടത്. കേരള പോലീസ് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ ഡിസംബര്‍ അഞ്ചിന് ഭാര്യയേയും മക്കളേയും കാണാന്‍ തമിഴ്‌നാട്ടിലെ തെങ്കാശി കടയത്തുമലയ്ക്കടുത്തുള്ള വീട്ടിലെത്തുന്നതിനിടെ ബാലമുരുകനെ പൊലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാനായിരുന്നില്ല.

രാത്രിയായതിനാലും മഴയുള്ളതിനാലും ബാലമുരുകനെ പിടികൂടുക ശ്രമകരമായിരുന്നു. തമിഴ്‌നാട് പൊലീസിലെ അമ്പതോളം പേര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ബാലമുരുകന്‍ മലകയറി ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടാനായി കടയത്തുമലയിലൂടെ ഓടുന്നതിനിടെ ബാലമുരുകന്‍ മലയിടുക്കില്‍ വീണെന്നും സംശയം ഉണ്ട്. കണ്ടെത്താനായി പൊലീസ് സംഘം ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Balamurugan wife died tirunelveli

To advertise here,contact us