ഒഴിവായത് വൻ ദുരന്തം; എയര്‍ ഇന്ത്യ എക്‌സ്പ്രസിൻ്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു,കൊച്ചിയിൽ അടിയന്തര ലാന്‍ഡിങ്

160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അറിയിച്ചു

കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചതിനെ തുട‍ർന്നാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. തലനാരിഴയ്ക്കാണ് ദുരന്തം വഴിമാറിയത്.

ലാൻഡിങ് ഗിയറിൽ സാങ്കേതിക പ്രശ്നം ഉണ്ടായതിനെത്തുടർന്നാണ് കൊച്ചിയിലേക്ക് അടിയന്തര ലാൻഡിങ്ങിനു വിമാനം ശ്രമിച്ചത്. ജിദ്ദ - കരിപ്പൂർ വിമാനമാണ് അടിയന്തരമായി ലാന്‍ഡ് നടത്തിയത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അറിയിച്ചു.

ലാൻഡിങ്ങിനു ശേഷമുള്ള പരിശോധനയിലാണ് ടയറുകൾ പൊട്ടിത്തെറിച്ചത് കണ്ടെത്തിയത്. നിലവിൽ വിമാനത്താവളത്തിന് അകത്തുള്ള യാത്രക്കാരെ മറ്റൊരു വിമാനം എത്തിച്ച് കരിപ്പൂരിലേക്ക് എത്തിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അതിനു സാധിച്ചില്ലെങ്കിൽ റോഡ് മാർഗം എത്തിക്കും.

Content Highlight : Air India Express flight makes emergency landing in Kochi after tyre bursts

To advertise here,contact us