തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള പ്രമേയമായ പാരഡി ഗാനത്തെ കുറിച്ച് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാരഡി ഗാനം പാടുന്നത് കേരളത്തിൽ ആദ്യമായാണോ എന്ന് ചോദിച്ച സതീശൻ, ഇതേ അയ്യപ്പ ഭക്തിഗാനം കൊണ്ട് സിപിഐഎം പാരഡി ഗാനം ഉണ്ടാക്കിയിട്ടുണ്ടെന്നും പറഞ്ഞു. 11 വർഷം മുമ്പാണ് ഇതേ ഗാനം വെച്ച് സിപിഐഎം പാരഡി ഗാനം ഉണ്ടാക്കിയത്. കെ കരുണാകരൻ വാഹനത്തില് പോകുന്നതിനെ കളിയാക്കിയാണ് ആ പാട്ട് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പാരഡി ഗാനം കേരളത്തിൽ ആദ്യമായല്ല. ഗാനം പാടിയവർക്കെതിരെയും നിർമിച്ചവർക്കെതിരെയും കേസ് എടുക്കുമെന്ന് കേൾക്കുന്നു. ബിജെപിക്കാൾ ഇതിനേക്കാൾ ഭേദമാണല്ലോ. എന്തേ ഇപ്പോൾ ഇത്രമാത്രം നൊന്തുവെന്നും സതീശൻ പരിഹസിച്ചു.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കണ്ണൂരിൽ വ്യാപക അതിക്രമമാണ് സിപിഐഎമ്മിന്റെ നേൃത്വത്തിൽ നടക്കുന്നതെന്നും സതീശൻ പറഞ്ഞു. പയ്യന്നൂരിലും പാനൂരിലും ബോംബുകളും വടിവാളുകളുമായി ചിലഅക്രമിസംഘങ്ങള് അഴിഞ്ഞാടുകയാണ്. പല സ്ഥലത്തും ഇതെല്ലാം പൊലീസ് നോക്കിനിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽബോംബ് പൊട്ടി കൈ പോയതിന് പടക്കം പൊട്ടി എന്നാണ് പൊലീസ് പറയുന്നത്. സ്വന്തം നാട്ടിൽ, സ്വന്തം പാർട്ടിക്കാർ എതിരാളികളെ കൊല്ലാൻ ബോംബ് നിർമിക്കുമ്പോൾ മുഖ്യമന്ത്രി അതിന് കൂട്ടുനില്ക്കുകയാണ്. മുഖ്യമന്ത്രി ഈ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. പൊലീസിനെ പരിഹാസപാത്രമാക്കുകയാണ്. ക്രിമിനലുകളെ കസ്റ്റഡിയിലെടുക്കണമെന്നും സതീശൻ പറഞ്ഞു.
മഹാത്മാഗാന്ധിയുടെ പ്രതിമ തല്ലി തകർക്കുന്നു, ഇന്ദിര ഗാന്ധിയുടെ പ്രതിമ വികൃതമാക്കി. എത്ര ഹീനമായാണ് സിപിഐഎം തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികാരം ചെയ്യുന്നത്. ശക്തമായ പ്രതികരണം ഞങ്ങളിൽനിന്നുണ്ടാകും. ഞങ്ങളുടെ പ്രവർത്തകരെ ക്രിമിനലുകൾക്ക് വിട്ടുകൊടുക്കില്ലെന്നും സതീശൻ പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട പരാമർശത്തിൽ കടകംപള്ളി സുരേന്ദ്രൻ എന്തിനാണ് വെല്ലുവിളിക്കുന്നതെന്നും അദ്ദേഹത്തെ പറ്റി പറഞ്ഞതിലെല്ലാം ഉറച്ചുനിൽക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. താൻ ഹാജരാകാൻ അദ്ദേഹം എന്തിനാണ് വെല്ലുവിളിക്കുന്നത്. കോടതിയിൽ ഹാജരാകാൻ പറഞ്ഞ് ആരെങ്കിലും വെല്ലുവിളിക്കുമോ. രണ്ട് കോടി രൂപയുടെ മാനനഷ്ടം ഉണ്ടായെന്ന് പറഞ്ഞാണ് എനിക്ക് നോട്ടീസ് അയച്ചത്. കേസ് കൊടുത്തപ്പോൾ രണ്ട് കോടിയുടെ മാനം എങ്ങനെയാണ് പത്ത് ലക്ഷത്തിലേക്ക് മാറിയത്. ശബരിമല ദ്വാരപാലക ശില്പം കോടീശ്വരന് വിറ്റുവെന്ന് കോടതിയാണ് പറഞ്ഞത്. അത് ആർക്കാണ് കൊടുത്തതെന്ന് മാത്രമാണ് അന്നത്തെ ദേവസ്വം മന്ത്രിയായ അദ്ദേഹത്തോട് താൻ ചോദിച്ചതെന്നും വി ഡി സതീശൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വെള്ളാപ്പള്ളി നടേശൻ എല്ലാ ആഴ്ചയും പത്രസമ്മേളനം വിളിക്കണമെന്നാണ് തന്റെ അഭ്യർത്ഥന. അദ്ദേഹത്തിന്റെ പ്രായത്തെയും സ്ഥാനത്തെയും ബഹുമാനിക്കുകയാണ്. ഇപ്പോൾ അദ്ദേഹം പറയുന്നതുപോലുള്ള കാര്യങ്ങള് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ പറയണമെന്നാണ് ആഗ്രഹമെന്നും സതീശൻ പരിഹസിച്ചു.
അതേസമയം ആരുമായും മുന്നണി വിപുലീകരണ ചർച്ച നടന്നിട്ടില്ലെന്ന് സതീശൻ വ്യക്തമാക്കി.
ഭരണവിരുദ്ധ വികാരം ഇല്ല എന്നതുൾപ്പെടെ ഒന്നും പറ്റിയിട്ടില്ല എന്ന് വിചാരിച്ചു തന്നെ സിപിഐഎം മുന്നോട്ടു പോകണം. തിരുവനന്തപുരത്ത് ബിജെപി മുന്നേറ്റം ഉണ്ടാക്കി. എന്നാൽ സംസ്ഥാനതലത്തിൽ ബിജെപിക്ക് പറഞ്ഞതുപോലെയുള്ള നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നും സതീശൻ പറഞ്ഞു.
Content Highlights : v d satheesan against cpim on parody song about sabarimala gold theft