നിയമസഭ തെരഞ്ഞെടുപ്പിന് ഇനി രണ്ടര മാസം; തിരുത്താനും മുന്നേറാനും മുന്നണികള്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ നഗരകേന്ദ്രീകൃതമായ 35 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കാനാണ് എന്‍ഡിഎയിലെ പ്രധാന കക്ഷിയായ ബിജെപി ആലോചിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഫെബ്രുവരി അവസാനത്തോടെ വന്നേക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലെ തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നേറാന്‍ എല്‍ഡിഎഫിനും മികച്ച നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ കുതിക്കാന്‍ ശ്രമിക്കാന്‍ യുഡിഎഫിനും നില മെച്ചപ്പെടുത്താന്‍ എന്‍ഡിഎയ്ക്കും രണ്ടര മാസമാണ് ഇനി ഉള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ അവസാനം സിപിഐഎം സംസ്ഥാന സമിതി യോഗം ചേരും. ജനുവരി ആദ്യവാരം എല്‍ഡിഎഫ് യോഗവും നടക്കും. ചൊവ്വാഴ്ച നടന്ന എല്‍ഡിഎഫ് യോഗത്തില്‍ തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ചയായില്ല. മുന്നണിയിലെ ഘടകകക്ഷികളോട് ഫലത്തെ വിലയിരുത്താനാണ് മുന്നണി കണ്‍വീനര്‍ ആവശ്യപ്പെട്ടത്. ജനുവരിയിലെ യോഗത്തില്‍ പരാജയത്തിന് കാരണമായ ഘടകങ്ങള്‍ മുന്നണി പരിശോധിക്കും. പിന്നീട് തിരുത്തല്‍ നടപടികളിലേക്ക് കടക്കും.

തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലത്തില്‍ ആവേശം ഉള്‍ക്കൊണ്ട് മുന്നേറാനാണ് യുഡിഎഫ് ശ്രമം. എല്‍ഡിഎഫിലെ ഘടകകക്ഷികളില്‍ ചിലരെ ഇപ്പുറത്തേക്ക് എത്തിക്കാനുള്ള ശ്രമം സജീവമായി തുടരുമെന്നാണ് വിവരം. നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് വേഗം കടക്കാനാണ് കെപിസിസിയുടെ ശ്രമം.

നിയമസഭ തെരഞ്ഞെടുപ്പില്‍ നഗരകേന്ദ്രീകൃതമായ 35 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കാനാണ് എന്‍ഡിഎയിലെ പ്രധാന കക്ഷിയായ ബിജെപി ആലോചിക്കുന്നത്. ഇങ്ങനെ വിലയിരുത്തിയ മണ്ഡലങ്ങളില്‍ പ്രത്യേക പ്രഭാരികളെ നിയോഗിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 20% വോട്ട് നേടാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടാന്‍ എന്‍ഡിഎക്ക് കഴിഞ്ഞില്ല.

To advertise here,contact us