കെ സി രാജഗോപാലിൻ്റെ 'കാലുവാരി' പരാമർശത്തിൽ പാർട്ടി വിശദീകരണം തേടും, നടപടി ഉണ്ടായേക്കുമെന്ന് സൂചന

കഴിഞ്ഞ ദിവസമാണ് കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിൻ തെരഞ്ഞെടുപ്പിൽ കാലുവാരിയെന്ന ആരോപണവുമായി മുൻ എംഎൽഎ കെ സി രാജഗോപാൽ രംഗത്തെത്തിയത്

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കാലുവാരിയെന്ന സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ കെ സി രാജഗോപാലിൻ്റെ പരാമർശത്തിൽ പാർട്ടി വിശദീകരണം തേടും. അന്വേഷണത്തിന് പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്നും പാർട്ടി വ്യക്തമാക്കി. പരസ്യ പ്രതികരണത്തിൽ കെ സി രാജഗോപാലിനെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. സംഭവത്തിൽ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം നാളെ ചേരും. പത്തൊമ്പതിന് ജില്ലാ കമ്മിറ്റിയോ​ഗവും ചേരും.

കഴിഞ്ഞ ദിവസമാണ് കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിൻ തെരഞ്ഞെടുപ്പിൽ കാലുവാരിയെന്ന ആരോപണവുമായി മുൻ എംഎൽഎ കെ സി രാജഗോപാൽ രംഗത്തെത്തിയത്. അങ്ങനെ കാലുവാരിയത് കൊണ്ടാണ് തന്റെ ഭൂരിപക്ഷം 28ൽ ഒതുങ്ങിയത് എന്നും കോൺഗ്രസുകാരുടെ സഹായം കൊണ്ടാണ് 28 വോട്ടിന് കയറിക്കൂടിയത് എന്നും രാജഗോപാൽ തുറന്നടിച്ചിരുന്നു.

സ്റ്റാലിൻ ഏരിയ സെക്രട്ടറിയാകാൻ യോഗ്യതയില്ലാത്തയാളാണെന്നും വിവരമില്ലാത്തയാളെന്നും രാജഗോപാൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മെഴുവേലി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു രാജഗോപാല്‍. നേതൃത്വത്തിന്റെ പിടിപ്പുകേടിൽ എല്ലാ ഏരിയ കമ്മിറ്റിക്ക് കീഴിലെ എല്ലാ പഞ്ചായത്തുകളും നഷ്ടമായി. ഇതിന് പുറമെ തന്നെ പാർട്ടി വേണ്ട വിധം ഉപയോഗിച്ചില്ലെന്നും താൻ ജയിക്കരുത് എന്ന ടി വി സ്റ്റാലിന് പ്രത്യേക താല്പര്യമുണ്ടായിരുന്നു എന്നും രാജഗോപാൽ ആരോപിച്ചിരുന്നു.

അതേസമയം കെ സി രാജഗോപാലിൻ്റെ പരാമർശം പാർട്ടി പരിശോധിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞിരുന്നു. മെഴുവേലിയിലെ ഇടതുപക്ഷത്തിന്റെ തോൽവി പരിശോധിക്കുമെന്നും തോൽവിക്ക് കാരണം എന്തെന്ന് കണ്ടെത്തുമെന്നും രാജു എബ്രഹാം വ്യക്തമാക്കി. കെ സി രാജഗോപാലിൻ്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കുമെന്നും രാജു എബ്രഹാം പറഞ്ഞിരുന്നു.

Content Highlight : Party will seek explanation on KC Rajagopal's remarks

To advertise here,contact us