പാലക്കാട് നഗരസഭയിൽ BJPയെ ഒഴിവാക്കാൻ നീക്കം; സ്വതന്ത്രനെ മുൻനിർത്തി LDF-UDF സഹകരണത്തിന് കളമൊരുക്കാൻ ലീഗ്

ബിജെപി ഭരണം അവസാനിപ്പിക്കാൻ ഇരു മുന്നണികളും ഒന്നിക്കണമെന്ന നിലപാടുമായി പാലക്കാട്ട് ലീഗ് നേതാക്കൾ

പാലക്കാട്: നഗരസഭയിൽ ബിജെപിയെ അധികാരത്തിൽ നിന്ന് ഒഴിവാക്കാൻ ഇരുമുന്നണികളും ഒന്നിക്കണമെന്ന നിലപാടുമായി മുസ്ലിം ലീഗ്. സ്വതന്ത്രനായി വിജയിച്ച എച്ച് റഷീദിനെ ചെയർമാനാക്കണമെന്ന സമവായ നിർദ്ദേശവും മുസ്ലിം ലീഗ് ഉയർത്തുന്നുണ്ട്. കോൺഗ്രസുമായി ഉടൻ തന്നെ ലീഗ് നേതൃത്വം ഈ വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന. എൽഡിഎഫുമായും ചർച്ചയ്ക്ക് തയ്യാറാണെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.

ഇതിനിടെ പാലക്കാട് ബിജെപി ഭരണം അവസാനിപ്പിക്കാൻ എൽഡിഎഫും യുജിഎഫും ഒരുമിച്ച് നിൽക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീ​ഗ് സംസ്ഥാന പ്രവർത്തക സമിതി അം​ഗം എം എം ഹമീദ് രം​ഗത്ത് വന്നിട്ടുണ്ട്. ബിജെപി ഭരണം അവസാനിപ്പിക്കാൻ ഇരു മുന്നണികളും ഒന്നിക്കണമെന്ന് മുസ്ലിം ലീ​ഗ് പാലക്കാട് ജില്ലാ അധ്യക്ഷൻ മരക്കാർ മാരായമം​ഗലവും വ്യക്തമാക്കിയിട്ടുണ്ട്.

പാലക്കാട് നഗരസഭയിൽ ആകെയുള്ള 53 അംഗങ്ങളിൽ ബിജെപിയ്ക്ക് 25 അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് രണ്ട് അംഗങ്ങളുടെ പിന്തുണ കൂടി ബിജെപിക്ക് വേണ്ടതുണ്ട്. നിലവിൽ യുഡിഎഫ് 18, എൽഡിഎഫ് 9, സ്വതന്ത്രർ 1 എന്നിങ്ങനെയാണ് ബാക്കിയുള്ളവരുടെ കക്ഷിനില. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ യുഡിഎഫും എൽഡിഎഫും ധാരണയിലെത്തിയാൽ പാലക്കാട് നഗരസഭയിലെ മൂന്നാം ഊഴം എന്ന ബിജെപി സ്വപ്നം തകരും. അതിനായി 18 അംഗങ്ങളുള്ള യുഡിഎഫിനെ ഒൻപത് അംഗങ്ങളുള്ള ഇടതുപക്ഷം പിന്തുണയ്‌ക്കേണ്ടതുണ്ട്‌. ഇരുമുന്നണികളും ഇത്തരമൊരു നീക്കം നടത്തുമോ എന്നത് പാലക്കാടിനെ സംബന്ധിച്ചും നിർണ്ണായകമാണ്. ഇതിനിടെ കോൺ​ഗ്രസ് വിമതനായി വിജയിച്ച എച്ച് റഷീദിനെ ചെയർമാൻ സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാണിച്ച് പാലക്കാട് ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്താനുള്ള നീക്കത്തിന് മുസ്ലിം ലീ​​ഗ് മുൻകൈഎടുക്കുന്നത്.

Content Highlights: Local Body Election Muslim League to pave the way for LDF-UDF Cooperation Palakkad Municipality

To advertise here,contact us