കൊച്ചി: പോറ്റിയെ കേറ്റിയേ പാരഡിയില് കേസെടുക്കേണ്ട കാര്യമെന്താണ് എന്ന് തനിക്കറിയില്ലെന്ന് ഗാനരചയിതാവ് ജി പി കുഞ്ഞബ്ദുളള. മതവികാരമൊന്നും താന് വ്രണപ്പെടുത്തിയിട്ടില്ലെന്നും അയ്യപ്പനോട് വിശ്വാസികള് സ്വര്ണം കട്ടുപോയതിലെ പരാതി പറയുന്നതായാണ് താന് എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാരഡി മൂലം യഥാര്ത്ഥ അയ്യപ്പ ഭക്തര്ക്ക് മതവികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില് ഖേദം പ്രകടിപ്പിക്കാന് തയ്യാറാണെന്നും ജി പി കുഞ്ഞബ്ദുളള പറഞ്ഞു. റിപ്പോര്ട്ടറിനോടായിന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'കേസെടുത്തു എന്ന വാര്ത്ത കേട്ട് പേടിയൊന്നുമില്ല. എന്തിനാണ് പേടിക്കുന്നത്. കേസെടുക്കേണ്ട കാര്യമെന്താണ് എന്ന് എനിക്കറിയില്ല. മതവികാരമൊന്നും ഞാന് വ്രണപ്പെടുത്തുന്നില്ല. മതവികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില് ഖേദം പ്രകടിപ്പിക്കാന് തയ്യാറാണ്. അയ്യപ്പാ എന്ന് വിളിച്ച് സ്വര്ണം കട്ടുപോയതില് പരാതി പറയുന്നതായാണ് ഞാന് എഴുതിയത്. അയ്യപ്പനോട് വിശ്വാസികള് പറയുന്നതാണ്. അത്രയേയുളളു. യഥാര്ത്ഥ അയ്യപ്പ ഭക്തര്ക്ക് മതവികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില് ഖേദം പ്രകടിപ്പിക്കാന് തയ്യാറാണ്. ഒരു മതവികാരവും വ്രണപ്പെടുത്താന് പാടില്ലല്ലോ': ജി പി കുഞ്ഞബ്ദുളള പറഞ്ഞു. താന് കോണ്ഗ്രസുകാരനാണെന്നും കോണ്ഗ്രസിന്റെ സംഘടനയുമായി ബന്ധമുണ്ടെന്നും ജി പി കുഞ്ഞബ്ദുളള വ്യക്തമാക്കി. കോണ്ഗ്രസ് പറയേണ്ട രാഷ്ട്രീയമാണ് പറഞ്ഞതെന്നും താന് നേരത്തെയും ഒരുപാട് പാട്ടുകളെഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തില് തിരുവനന്തപുരം സിറ്റി സൈബര് പൊലീസ് കേസെടുത്തിരുന്നു. ഗാനരചയിതാവ് ജി പി കുഞ്ഞബ്ദുളളയാണ് കേസിലെ ഒന്നാം പ്രതി. ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര് പന്തല്ലൂര് എന്നിവരാണ് മറ്റ് മൂന്ന് പ്രതികൾ. മതവികാരം വ്രണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങള് തമ്മില് സ്പര്ധയുണ്ടാക്കിയതിനുമാണ് കേസ്. ഗാനരചയിതാവിന്റെ പേര് ജി പി കുഞ്ഞബ്ദുള്ള എന്നാണെങ്കിലും എഫ്ഐആറില് പേര് രേഖപ്പെടുത്തിയിരിക്കുന്നത് കുഞ്ഞുപിള്ള എന്നാണ്.
'പോറ്റിയേ കേറ്റിയെ' എന്ന പാരഡി പ്രചാരണ ഗാനത്തിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപി റവാഡ ചന്ദ്രശേഖറിന് പരാതി നല്കിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോള് കേസെടുത്തിരിക്കുന്നത്. അയ്യപ്പഭക്തി ഗാനത്തെ അവഹേളിക്കുന്നതാണ് പാരഡി ഗാനമെന്നും അത് ഭക്തര്ക്ക് വേദന ഉണ്ടാക്കിയെന്നുമാണ് പരാതിയില് പറയുന്നത്. എന്നാല് പാരഡി പാട്ടിനെതിരായ പരാതിക്ക് പിന്നില് ഗൂഢലക്ഷ്യമുണ്ടെന്നാണ് തിരുവാഭരണ പാത സംരക്ഷണ സമിതി ചെയര്മാന് കെ ഹരിദാസ് പറഞ്ഞത്.
Content Highlights: I will express regret if religious sentiments of true Ayyappa devotees are hurt: GP Kunjabdulla